ന്യൂദല്‍ഹി: കേന്ദ്ര കമ്മറ്റിയിലെ യെച്ചൂരിയുടെ തോല്‍വി ബംഗാള്‍ ഘടകത്തിനും തിരിച്ചടിയാണ്. കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് ഏറെക്കാലമായി ബംഗാള്‍ സിപിഎം പാര്‍ട്ടിയില്‍ വാദിക്കുന്നുണ്ട്. യെച്ചൂരിയുടെ ശക്തമായ പിന്‍ബലവും ബംഗാള്‍ ഘടകമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആക്രമണോത്സുകമായ ആധിപത്യവും ബിജെപിയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയുമാണ് പാര്‍ട്ടിയുടെ ആശങ്ക. പതിറ്റാണ്ടുകളോളം ഭരിച്ച സംസ്ഥാനത്ത് മമതയെ ഭയന്നാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പുകളില്‍ വോട്ട് കുറഞ്ഞുവരുന്നു. ബംഗാളില്‍ പിടിച്ചുനില്ക്കാന് കോണ്‍ഗ്രസ് സഹകരണം അനിവാര്യമെന്ന് പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു.
കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ രാജ്യസഭാംഗമാക്കാന്‍ ബംഗാള്‍ ഘടകം നടത്തിയ നീക്കം നേരത്തെ പരാജയപ്പെട്ടിരുന്നു. ഭാവിയിലെ കോണ്‍ഗ്രസ് സഖ്യമായിരുന്നു ബംഗാള്‍ സിപിഎമ്മിന്റെ മനസ്സില്‍. ബിജെപിയെയും കോണ്‍ഗ്രസ്സിനെയും ഒരു പോലെ എതിര്‍ക്കണമെന്നാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നയം. എന്നാല്‍ ഈ നിലപാട് തള്ളി 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസ്സുമായി പരസ്യ സഖ്യമുണ്ടാക്കി. കോണ്‍ഗ്രസ്സിന് സീറ്റ് കൂടിയപ്പോള്‍ സിപിഎമ്മിന് കുറഞ്ഞു. എങ്കിലും ഏറ്റവുമൊടുവില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേന്ദ്ര കമ്മറ്റിയുടെ നിലപാട് തള്ളി രഹസ്യമായും സഖ്യമുണ്ടാക്കി.
പാര്‍ട്ടി കോണ്‍ഗ്രസ് എന്തു തീരുമാനിച്ചാലും സ്വന്തം നിലപാടുമായി മുന്നോട്ട് പോകാനാണ് ബംഗാള്‍ സിപിഎമ്മിന്റെ തീരുമാനം. ഇതിന് ഇപ്പോള്‍ ത്രിപുരയുടെ പിന്തുണയുമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ്സായിരുന്നു ത്രിപുരയില്‍ മുഖ്യ എതിരാളി. ഇപ്പോഴത് ബിജെപിയാണ്. ഈ തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടമാകുമെന്ന ഭയം സിപിഎമ്മിനുണ്ട്. യെച്ചൂരിയുടെ നിലപാടിനെയാണ് കേന്ദ്ര കമ്മറ്റിയില്‍ ത്രിപുര പിന്തുണച്ചത്. ആദര്‍ശത്തിന്റെ പേരില്‍ എപ്പോഴും ഇരകളാക്കപ്പെടുന്നുവെന്നാണ് ബംഗാള്‍ ഘടകത്തിന്റെ പരാതി. ജ്യോതി ബസുവിന് പ്രധാനമന്ത്രിയാകാനുള്ള അവസരം നിഷേധിക്കപ്പെട്ടത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയാകാനുള്ള തന്റെ അവസരം കാരാട്ട് തടഞ്ഞെന്ന്് അടുത്തിടെ സോമനാഥ് ചാറ്റര്‍ജി ആരോപിച്ചിരുന്നു. കേരള ഘടകത്തിന്റെ അപ്രമാദിത്വത്തിനെതിരെ വലിയ അതൃപ്തിയാണ് ഇവര്‍ക്കുള്ളത്. വരും ദിവസങ്ങളില്‍ ബംഗാള്‍ ഘടകത്തിന്റെ നിലപാടും നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: