മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനമായ 2019 ഒക്ടോബര്‍ രണ്ട് ആകുമ്പോഴേക്കും രാജ്യത്തെ മാലിന്യമുക്തമാക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ശുചിത്വ ഭാരതം. വൃത്തിക്ക് ജീവിതത്തില്‍ എന്നും ഉന്നതസ്ഥാനം നല്‍കിയിരുന്ന ഗാന്ധിജിക്ക് നല്കാവുന്ന ഏറ്റവും നല്ല ആദരാഞ്ജലിയായിരിക്കും അതെന്നാണ് 2014 ഒക്ടോബര്‍ രണ്ടിന് ശുചിത്വ ഭാരതം പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കേന്ദ്ര കുടിവെള്ള, ശുചീകരണ മന്ത്രാലയം സെക്രട്ടറിയാണ് ദൗത്യത്തിന്റെ കോര്‍ഡിനേറ്റര്‍. ശുചിത്വ ഭാരത ദൗത്യം (ഗ്രാമീണം), ശുചിത്വ ഭാരത ദൗത്യം (നഗരം) എന്നിങ്ങനെ രണ്ട് ഉപദൗത്യങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കാനും, ഇതിനായി ഏവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായാണ് കേന്ദ്രഭവന, നഗരകാര്യ മന്ത്രാലയം (നേരത്തേ നഗര വികസന മന്ത്രാലയം) ദേശീയ ശുചിത്വ സര്‍വേ സംഘടിപ്പിക്കുന്നത്.
മൂന്നു ഘട്ടങ്ങളായാണ് ശുചിത്വ സര്‍വേ നടത്തുന്നത്. 4000 മാര്‍ക്കാണ് പരമാവധി നല്‍കുക. ഒന്നാം ഘട്ടത്തില്‍ സേവനങ്ങള്‍ നല്‍കുന്നതിലെ പുരോഗതി വിലയിരുത്തുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ നല്കുന്ന വിവരങ്ങള്‍ അധിഷ്ഠിതമാക്കിയാണ് ഈ വിലയിരുത്തല്‍. തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിനായി ചുമതലപ്പെടുത്തിയ നോഡല്‍ ഓഫീസര്‍മാര്‍ സര്‍വേക്കായി നല്കിയ ചോദ്യങ്ങള്‍ക്ക് ഉത്തരം സമര്‍പ്പിക്കണം. പ്രവര്‍ത്തനങ്ങള്‍ അവര്‍തന്നെ സ്വയം വിലയിരുത്തും. 1400 മാര്‍ക്കാണ് ഈ വിഭാഗത്തില്‍ നല്‍കുക. ഉല്‍പ്പാദിപ്പിക്കുന്ന ഖര, ദ്രവ്യ മാലിന്യത്തിന്റെ അളവ്, അവ സംസ്കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ഉറവിട മാലിന്യ സംസ്കരണ മാര്‍ഗങ്ങള്‍, മാലിന്യം നീക്കം ചെയ്യുന്നതിന് അവലംബിക്കുന്ന രീതി, അതിനായി നിയോഗിച്ച ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍, തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍, സാമൂഹിക ശുചിമുറികള്‍, സ്കൂളിലെ ശുചിത്വ കമ്മറ്റി സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെല്ലാം ഈ ചോദ്യങ്ങളിലുള്‍പ്പെടുന്നു.
രണ്ടാം ഘട്ടത്തില്‍ നേരത്തെ നല്കിയ വിവരങ്ങളുടെ പരിശോധന നടക്കും. നല്കിയ വിവരങ്ങളില്‍ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തുകയാണെങ്കില്‍ നെഗറ്റീവ്മാര്ക്കുണ്ടാവും. നേരത്തെയുള്ള സ്കോറില്‍നിന്ന് ഈ മാര്‍ക്ക് കുറയ്ക്കും. ഇതിനായി നേരിട്ട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഇതിന് പരമാവധി 1200 മാര്‍ക്കാണ് നല്‍കുക. സര്‍വേയില്‍ പങ്കെടുക്കുന്ന നഗരങ്ങളിലെ ചേരി പ്രദേശങ്ങള്‍, അവയുടെ പരിസര പ്രദേശങ്ങള്‍, ആസൂത്രണം ചെയ്ത് നിര്‍മ്മിച്ച കോളനികള്‍, ആസൂത്രണം ചെയ്യാതെ നിര്‍മ്മിച്ചിട്ടുള്ള കോളനികള്‍, പ്രധാന പൊതുസ്ഥലങ്ങള്‍, പ്രധാന ചന്തകള്‍, ആരാധനാ കേന്ദ്രങ്ങള്‍, പ്രധാന റെയില്‍വേ സ്റ്റേഷന്, ബസ്സ്റ്റാന്റ്, വലിയതോതില്‍ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്ന ഹോട്ടലുകള്‍, ഹാളുകള്‍, പൊതുശുചിമുറികള്‍ എന്നിവ സര്‍വേ സംഘം പരിശോധിക്കും. നേരത്തേ നിശ്ചയിച്ചായിരിക്കില്ല ഈ പരിശോധന. വീടുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ നിന്നും വിവരശേഖരണം നടത്തും. അഞ്ച് ലക്ഷത്തില്‍ കുറവ് ജനസംഖ്യയുള്ള നഗരങ്ങളില്‍ 12 ജനവാസകേന്ദ്രങ്ങളില്‍ സര്‍വേ സംഘം പരിശോധന നടത്തും. നഗരത്തിന്റെ വിവിധ മേഖലകളിലുള്ള ജനവാസകേന്ദ്രങ്ങളാണ് സന്ദര്‍ശിക്കുക. അഞ്ച് ലക്ഷത്തില്‍ക്കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ 24 ജനവാസ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. നേരിട്ട് വസ്തുതകള്‍ കണ്ടു മനസ്സിലാക്കിയാണ് രണ്ടാം ഘട്ടത്തില്‍ മാര്‍ക്കു നല്‍കുന്നത്.
മൂന്നാം ഘട്ടത്തില്‍ അതത് നഗരങ്ങളിലെ ജനങ്ങളുടെ പ്രതികരണം നേരിട്ട് ശേഖരിക്കും. നേരിട്ടും സ്വച്ഛതാ ആപ് വഴിയും വിവരങ്ങള്‍ ശേഖരിക്കും. നഗരങ്ങളിലെ ജനസംഖ്യയുടെ 0.1 ശതമാനത്തില്‍ നിന്നെങ്കിലും വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി പ്രത്യേക ചോദ്യാവലി ഉപയോഗിക്കും. നഗരത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, മാലിന്യ നീക്കത്തില്‍ സംതൃപ്തരാണോ എന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ജനങ്ങളില്‍നിന്ന് ഉത്തരം ശേഖരിക്കും. ഇതിന് 1400 മാര്‍ക്കാണ്. ഈ മൂന്ന് ഘട്ടങ്ങളില്‍ നേടിയ മാര്‍ക്ക് അനുസരിച്ചാണ് അന്തിമ സ്കോര്‍ തീരുമാനിക്കുക.
2017ലെ ദേശീയ ശുചിത്വ സര്‍വേയില്‍ 166 നഗരങ്ങളില്‍ മാലിന്യം നീക്കം ചെയ്യുന്ന 70% വാഹനങ്ങളും ജിപിഎസ് സംവിധാനം വഴി ട്രാക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. 2582 പൊതു-സാമൂഹിക ശുചിമുറികള്‍ സംഘം പരിശോധിച്ചു. 2560 ജനവാസ കേന്ദ്രങ്ങളും സര്‍വേ സംഘം സന്ദര്‍ശിച്ചു. സര്‍വേയുടെ ഏകീകൃത വിലയിരുത്തലിനായി 55 അംഗങ്ങളടങ്ങുന്ന, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സജ്ജമായിരുന്നു.
സര്‍വേയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള നഗരമായി മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംസ്ഥാനം മദ്ധ്യ പ്രദേശിലെതന്നെ ഭോപ്പാല്‍ കരസ്ഥമാക്കി. വിശാഖപട്ടണം, സൂറത്ത്, മൈസൂരു, തിരുച്ചിറപ്പള്ളി, ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍, നവി മുംബൈ, തിരുപ്പതി, വഡോദര എന്നിവയാണ് മൂന്നു മുതല്‍ 10 വരെസ്ഥാനങ്ങളില്‍. 2016 ലെ സര്‍വേയില്‍ പങ്കെടുത്ത നഗരങ്ങളില്‍ ഭൂരിപക്ഷവും 2017 ല്‍ തങ്ങളുടെ റാങ്കിങ് മെച്ചപ്പെടുത്തി.
കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോടാണ്. സര്‍വേയില്‍ 254-ാം സ്ഥാനമാണ് കോഴിക്കോടിന്. കൊച്ചി (271), പാലക്കാട് (286), ഗുരുവായൂര്‍ (306), തൃശൂര്‍ (324), കൊല്ലം (365), കണ്ണൂര്‍ (366), തിരുവനന്തപുരം (372), ആലപ്പുഴ (380) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളുടെ റാങ്കിങ്.
2018 ലെ ശുചിത്വ സര്‍വേ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് 1400 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. 40 കോടി ജനങ്ങള്‍ ഇത്തവണ സര്‍വേ നടപടികളുടെ പരിധിയില്‍ വരും. സര്‍വേയുടെ ആദ്യഘട്ടത്തിന് ഇതിനകം തുടക്കമായിക്കഴിഞ്ഞു. ശുചിത്വവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉന്നയിക്കാന്‍ ഇതുവരെ 49 ലക്ഷം പേര് സ്വച്ഛതാ അപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇതുവരെ 43.5 ലക്ഷം പരാതികള്‍ നഗരങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പരിഹരിച്ചു കഴിഞ്ഞു.
ശുചിത്വ ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മത്സര ബുദ്ധിയോടെ മുന്നേറാന്‍ രാജ്യത്തെ നഗരങ്ങള്‍ക്ക് കരുത്തു പകരുകയാണ് ദേശീയ ശുചിത്വസര്‍വേ. ശുചിത്വത്തെക്കുറിച്ച് ബോധവത്കരണം നടത്താനും, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ മാസം 16 മുതല്‍ 31 വരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ശുചിത്വ പക്ഷാചരണം സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: