വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റവും ഉറ്റബന്ധം പുലര്‍ത്തിയിരുന്ന രണ്ട് മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ഈ കഴിഞ്ഞാഴ്ചയില്‍ അന്തരിച്ച വിവരം ലഭിച്ചപ്പോള്‍ നിസ്സഹായതാബോധമാണ് തോന്നിയത്. മണ്ണാര്‍ക്കാട്ടെ മുതിര്‍ന്ന ബിജെപി ജനസംഘം പ്രവര്‍ത്തകന്‍ ഒ.പി.വി. നമ്പൂതിരിപ്പാട് അന്തരിച്ച വിവരം ജന്മഭൂമിയിലെ മുന്‍ സഹപ്രവര്‍ത്തകന്‍ പാലേലി മോഹനനാണ് അറിയിച്ചത്. ഒപിവിയുടെ ഭാര്യാസഹോദരീപുത്രനാണ് പാലേലിയെന്ന് അദ്ദേഹം പറയുന്നതുവരെ അറിയില്ലായിരുന്നു. എറണാകുളത്തെ മുതിര്‍ന്ന സ്വയംസേവകനും അധ്യാപകനുമൊക്കെയായിരുന്ന തമ്മനം രാമചന്ദ്രനാണ് രണ്ടാമത്തെയാള്‍. ഇരുവരും തല്‍കാലം സജീവപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ജനസംഘത്തിന്റെ സംഘടനാകാര്യദര്‍ശിയായി പ്രവര്‍ത്തിക്കുന്ന 1965 മുതല്‍ ഒപിവിയുമായി ബന്ധത്തില്‍ വന്നു. ഉത്തരമേഖലയുടെ ചുമതല വഹിക്കാന്‍ തുടങ്ങിയപ്പോള്‍ ആ ബന്ധം കൂടുതല്‍ ദൃഢമായി. മണ്ണാര്‍ക്കാടിനടുത്തുള്ള മുക്കണ്ണം എന്ന സ്ഥലത്തെ റബ്ബര്‍തോട്ടത്തില്‍ വസതി നിര്‍മ്മിച്ച് അവിടെയാണ് കുടുംബസഹിതം താമസിച്ചത്. വേനല്‍ക്കാലത്ത് നല്ല ഒഴുക്കുള്ള കുന്തിപ്പുഴ കടന്നുവേണം ഇല്ലത്തേക്കു പോകാന്‍. ഒപിവിയുടെ ഇല്ലം കുന്നംകുളത്തിനടുത്താണ്. മുക്കണ്ണത്തേത് തല്‍ക്കാലം ഉണ്ടാക്കിയ വീടാണ് എന്നായിരുന്നു അദ്ദേഹം പറയാറ്.
ഒപിവി പാതായ്‌ക്കര മന വക റബ്ബര്‍തോട്ടത്തിന്റെ ചുമതലക്കാരനായിട്ടാണ് മുക്കണ്ണത്തെത്തിയത്. റബര്‍കൃഷിയെപ്പറ്റി അദ്ദേഹം ശരിയായി അറിവും പ്രായോഗിക പരിശീലനവും നേടി. കുറേ വര്‍ഷം കഴിഞ്ഞപ്പോള്‍ വലിയ എസ്‌റ്റേറ്റ് ഭരണം ഒഴിവായി സ്വന്തം ചെറിയൊരു തോട്ടവുമായി കൂടി.
താന്‍ ഏര്‍പ്പെട്ട കാര്യങ്ങളുടെ വിശദവിവങ്ങള്‍ മനസ്സിലാക്കുന്നതിന് അദ്ദേഹം അങ്ങേയറ്റം ശ്രമിച്ചു. സ്വതവേ സംസ്‌കൃതം പഠിച്ചിരുന്നതിനാല്‍ വേദ ഇതിഹാസ പുരാണങ്ങളില്‍ നിഷ്ണാതനായി. ഏകാത്മ മാനവദര്‍ശനത്തിലെ കാര്യങ്ങള്‍ പലപ്പോഴും ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളില്‍ വരുമായിരുന്നു. അതിലെ വിഷയങ്ങള്‍ ധര്‍മശാസ്ത്രങ്ങളും ഉപനിഷത്തുകളുമായി ബന്ധിപ്പിച്ച് അദ്ദേഹം സംസാരിക്കുമായിരുന്നു.
ഭാഷാശാസ്ത്രവും വശമായിരുന്നു. രാമായണം, ഭാരതം, പുരാണങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള ചില അഭിപ്രായങ്ങള്‍ അവയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ധര്‍മ്മശാസ്ത്ര വിഷയങ്ങളെയും കടന്ന് ഭാഷാശാസ്ത്രത്തിന്റെ വികാസം, ഭാഷാചരിത്രം തുടങ്ങിയവയിലേക്കുള്ള ഗവേഷണബുദ്ധിയെയും നിഗമനങ്ങളെയും വെളിവാക്കുന്നവയായിരുന്നു. അനുഷ്ഠുപ്പ് മുതലായി അക്ഷരസംഖ്യക്കുറവുള്ള വൃത്തങ്ങളാണ് പഴക്കം ചെന്നവയെന്നും, ദീര്‍ഘവൃത്തങ്ങള്‍ പില്‍ക്കാലത്തെയാണെന്നാണ് ഒപിവിയുടെ അഭിപ്രായം. ഭഗവദ്ഗീത പോലും ശ്രീകൃഷ്ണന്റെ ഉപദേശങ്ങളെ ക്രോഡീകരിച്ച് ചിട്ടപ്പെടുത്തി മഹാഭാരതത്തിന്റെ മധ്യഭാഗത്ത് നിബന്ധിച്ചതാണെന്നും അദ്ദേഹം പറയുമായിരുന്നു. ഒപിവിയുമായുള്ള സംഭാഷണം ഒരു വിദ്യാഭ്യാസംതന്നെയായിരുന്നു.
ശ്രീശങ്കരാചാര്യരെക്കുറിച്ചു സംസാരിച്ചപ്പോള്‍ അതുവരെ ധരിച്ചിട്ടില്ലാതിരുന്ന ചില വിവരങ്ങള്‍ ഒപിവിയില്‍നിന്ന് മനസ്സിലായി. നമ്മുടെ പുരാവസ്തു വകുപ്പിന്റെ കെടുകാര്യസ്ഥതയെപ്പറ്റി സംസാരിക്കുന്നതിനിടെയാണ് വിഷയം വന്നത്. ശങ്കരാചാര്യര്‍ കാലടയില്‍ നിന്ന് ദേശാടനത്തിന് പോയിക്കഴിഞ്ഞപ്പോള്‍, സ്വഭവനത്തില്‍ ഒറ്റയ്‌ക്കായ അമ്മയെ അവരുടെ പിതാവ് കൂട്ടിക്കൊണ്ടുപോയി താമസിപ്പിച്ചിരുന്നുവെന്നും അവിടെവച്ചാണവര്‍ മരിച്ചതെന്നും ഒപിവി പറഞ്ഞാണറിയുന്നത്. കാലടിയിലെ നമ്പൂതിരിമാര്‍ അമ്മയുടെ അന്ത്യേഷ്ടികര്‍മ്മത്തിനെത്തിയ ശങ്കരാചാര്യരെ ബഹിഷ്‌കരിച്ചുവെന്നായിരുന്നു അതുവരെ ഉണ്ടായിരുന്ന ധാരണ.
‘പരദേശത്തില്‍ പോയ ശങ്കരന്‍ വന്നിട്ടുണ്ട്
പതിതന്‍ ശവം തൊട്ടു ചെന്നൊരാക്ഷേപം പൊന്തി എന്ന വള്ളത്തോള്‍ കവിതയും അതാണല്ലോ സൂചിപ്പിക്കുന്നത്.
ശങ്കരാചാര്യര്‍ സര്‍വ്വജ്ഞപീഠം കയറി സ്വര്‍ഗസ്ഥനായശേഷം അദ്ദേഹത്തിന്റെ ചില സ്വകാര്യവസ്തുക്കള്‍ അടങ്ങിയ ഒരു പെട്ടി ശിഷ്യന്മാര്‍ സ്വാമികളുടെ നിര്‍ദ്ദേശപ്രകാരം മേപ്പാഴൂരില്‍ കൊണ്ടുവന്നേല്‍പ്പിച്ചുവത്രേ. അതവിടുത്തെ പൂജാമുറിയില്‍ പൂജിക്കപ്പെട്ടിരുന്നു. കേരള സംസ്ഥാന രൂപീകരണശേഷം അതു പുരാവസ്തു വകുപ്പുകാര്‍ പരിശോധനക്കു കൊണ്ടുപോയശേഷം തിരിച്ചേല്‍പ്പിച്ചില്ലെന്നും; അതിനെന്തെങ്കിലും വഴിയുണ്ടോ എന്നും ഒപിവി കുറച്ചുനാള്‍ അനേ്വഷിച്ചു നടന്നിരുന്നു. ആ ഗൃഹം ഇന്ന് ചിന്മയമിഷന്റെ അന്താരാഷ്‌ട്ര ആസ്ഥാനമാണ്.
ഒപിവിയുടെ പൂര്‍വ്വികരില്‍ ഒരാള്‍ 19-ാം നൂറ്റാണ്ടില്‍ സന്ന്യാസിയായി പുറപ്പെട്ട് കാല്‍നടയായി ലോകപര്യടനം നടത്തിയിരുന്നു. എല്ലാ ഭൂഖണ്ഡങ്ങൡലും സഞ്ചരിച്ച് അക്കാലത്തെ ലോകനേതാക്കളെയും ചക്രവര്‍ത്തിമാരെയും- റഷ്യയിലെ സാര്‍, ഇംഗ്ലണ്ടിലെ വിക്‌ടോറിയ റാണി തുടങ്ങിയവര്‍-അമേരിക്കയിലെ റോക്കി, ആന്‍ഡീസ് പര്‍വതങ്ങളിലൂടെ പദയാത്ര നടത്തി. ഒടുവില്‍ നേപ്പാളില്‍ തിരിച്ചെത്തി, അവിടത്തെ വീരേന്ദ്ര രാജാവിന്റെ അതിഥിയായി ആശ്രമം കെട്ടി. അതിന്റെ കഥ ഒപിവി പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. അത്ഭുതകരമായ ഒരു സഞ്ചാരകഥയും ആധ്യാത്മിക ഗ്രന്ഥവുമാണത്.
ശ്രീമദ് ഭഗവത്ഗീതക്ക് വൃത്താനുവൃത്ത വിവര്‍ത്തനം തയ്യാറാക്കി. അധ്യാത്മ രാമായണത്തിനും അദ്ദേഹം മലയാള പരിഭാഷയെഴുതി, എഴുത്തച്ഛന്റെ കിളിപ്പാട്ടും ഇതുമായുള്ള വ്യത്യാസങ്ങള്‍ രസകരമാണ്. രണ്ടുപേരുടേയും സമീപനത്തിലേതാണ് അവയെന്നു പറയാം.
ഒപിവി എന്ന ജനസംഘം പ്രവര്‍ത്തകനെയുംബിജെപി നേതാവിനെയും സഹപ്രവര്‍ത്തകര്‍ക്ക് നന്നായറിയാമായിരുന്നു. അടിയന്തരാവസ്ഥയില്‍ അദ്ദേഹം മിസ തടവുകാരനായി കിടക്കുമ്പോള്‍ തന്നെ ധര്‍മപത്‌നി സത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയിരുന്നു. ആ സമരത്തിന്റെ തീച്ചൂള അനുഭവിച്ചു വളര്‍ന്നവരാണ് മക്കളും. എനിക്ക് ഒരു പുസ്തകം ആവശ്യമുണ്ടെന്നറിയിച്ചപ്പോള്‍ ഒപിവി മകന്റെ കൈവശം അത് കൊടുത്തയയ്‌ക്കുകയാണ് ചെയ്തത്. ഒപിവിയെപ്പോലെ ഗഹനമായ ചിന്തയും ഹൃദയംഗമമായ അടുപ്പവും മമതയും നിലനിര്‍ത്തുന്നവരെ രാഷ്‌ട്രീയരംഗത്തു കാണാന്‍ പ്രയാസമാണ്. എണ്‍പത്തഞ്ചിന്റെ നിറവിലെത്തിയാണ് ഒപിവി വിടവാങ്ങിയത്. ആദരാഞ്ജലികള്‍.
1970 കളില്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന കാര്യാലയം എറണാകുളം മഹാത്മാഗാന്ധി റോഡിലെ ദ്രൗപദി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അവിടത്തെ സായന്തനങ്ങളിലെ കൂട്ടായ്‌മകളില്‍ സജീവപങ്കാളിയായിരുന്നു ഈയിടെ അന്തരിച്ച തമ്മനം രാമചന്ദ്രന്‍ എന്ന ടി.കെ. രാമചന്ദ്രന്‍. അന്നവിടെ സമ്മേളിച്ചുവന്നവരില്‍ പലരും ഇന്നില്ല. എം.കെ. ബാലഗോപാല്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്നു, അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുമ്പ് അന്തരിച്ചു; പഴയങ്ങാടിക്കാരന്‍ ഗോപാലന്‍ ജനസംഘപ്രവര്‍ത്തകനായിരുന്നു. അദ്ദേഹം പിന്നീട് സന്ന്യാസിയായി. കോസലവധുവവെന്ന പുസ്തകം എഴുതി പ്രസിദ്ധി നേടി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സമാധിയായി. മറ്റൊരു ജനസംഘം മുഴുവന്‍സമയ പ്രവര്‍ത്തകന്‍ കെ. പ്രഭാകരന്‍ പല ചുമതലകളും വഹിച്ചു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ പ്രൊഫസറായി വിരമിച്ച്, രണ്ടുവര്‍ഷം മുമ്പ് വടകര ജില്ലാ സംഘചാലകനായിരിക്കെ അന്തരിച്ചു.
ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ കാര്യാലയ ചുമതലയേറ്റ് അവിടെ താമസമായിരുന്നു. എം. ലക്ഷ്മിനാരായണന്‍ അക്കാലത്ത് വിദ്യാഭ്യാസം കഴിഞ്ഞ് സായാഹ്‌നങ്ങളിലെത്തുമായിരുന്നു. ധാരാളം പാരഡി ഗാനങ്ങള്‍ ഉണ്ടാക്കി താളമേളങ്ങളോടെ തകര്‍ത്ത് കഴിയുന്ന നാളുകളായിരുന്നു അത്. അക്കൂട്ടത്തിലെ ഏറ്റവും ചെറിയ (പൊക്കംകൊണ്ട്) ആളായിട്ടാണ് തമ്മനത്തെ കണ്ടിരുന്നത്. മഹാരാജാസിലെയും സെന്റ് ആല്‍ബര്‍ട്‌സിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികളും അക്കൂട്ടത്തില്‍വരുമായിരുന്നു.
തുടര്‍ന്ന് വന്ന അടിയന്തരാവസ്ഥക്കെതിരായ സമരത്തിനു മുന്‍നിരയില്‍ രാമചന്ദ്രനുണ്ടായിരുന്നു. ഒരു തലമുറയിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സ്വാഭാവിക നേതാവായിത്തീര്‍ന്നു അദ്ദേഹം. അധ്യാപകജീവിതത്തില്‍ ഒട്ടേറെ യുവപ്രതിഭകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശകനായും തമ്മനം പ്രവര്‍ത്തിച്ചു. തമ്മനം എന്നു പറഞ്ഞാല്‍ത്തന്നെ രാമചന്ദ്രന്‍ എന്ന ധാരണയായിരുന്നു സംഘവൃത്തങ്ങളില്‍ ഉയരുക. രാമചന്ദ്രന്റെ സ്മരണയ്‌ക്ക് നമസ്‌കാരം.
സംഘപഥത്തിലൂടെ , പി നാരായണൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: