പന്തളം: മകരസംക്രമ സന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര പന്തളത്തുനിന്നു പുറപ്പെട്ടു. വൃശ്ചികം ഒന്നു മുതല്‍ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ദര്‍ശനത്തിനു വച്ചിരുന്ന തിരുവാഭരണങ്ങള്‍ ഇന്നലെ ബോര്‍ഡ് അധികൃതര്‍ പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി ഭാരവാഹികളില്‍ നിന്ന് ഏറ്റുവാങ്ങി. 4.30 മുതല്‍ തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ ദര്‍ശനത്തിനു വച്ചു.
രാവിലെ 11ന് ക്ഷേത്രോപദേശക സമിതിയും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് പന്തളം വലിയതമ്പുരാന്‍ രേവതിനാള് പി. രാമവര്‍മ്മരാജയെയും, രാജപ്രതിനിധി പി. രാജരാജവര്‍മ്മയെയും സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നു ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെ ഘോഷയാത്രാ ചടങ്ങുകള്‍ ആരംഭിച്ചു. 11.30ന് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണപേടക വാഹക സംഘത്തെ മണികണ്ഠനാല്‍ത്തറയില്‍ നിന്നു സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഉച്ചയ്ക്ക് 12.15ന് സംഘത്തിന് വലിയ തമ്പുരാന് വിഭൂതി നല്കി അനുഗ്രഹിച്ചതോടെ പ്രത്യേക പൂജകള്‍ക്കായി ക്ഷേത്ര നട അടച്ചു.
12.45ന് മേല്‍ശാന്തി വാരണംകോട്ടില്ലത്ത് ഇ. നാരായണന് നമ്പൂതിരി പൂജിച്ച് വലിയ തമ്പുരാനു നല്കിയ ഉടവാള് രാജപ്രതിനിധിക്ക് കൈമാറി. 12.55ന് മേല്‍ശാന്തി പേടകത്തിന് നീരാഞ്ജനമുഴിഞ്ഞ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് രാജപ്രതിനിധി പല്ലക്കിലേറി യാത്ര തിരിച്ചു. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന് പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസ്സിലേറ്റി ക്ഷേത്രത്തില്‍ നിന്ന് പുറത്തെത്തി യാത്രയായി. കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവന്‍പിള്ളയും ജീവിതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന് നായരും അനുഗമിച്ചു.
ആര്‍എസ്എസ് അഖില ഭാരതീയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ. രാഘവന്, കെ.പി. ശങ്കര്‍ദാസ്, ചലച്ചിത്ര സംവിധായകന് മേജര്‍ രവി, സംഗീത സംവിധായകന് കൈതപ്രം വിശ്വനാഥന് നമ്പൂതിരി, താരങ്ങളായ മനോജ് കെ. ജയന്, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം. വിജയന് തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
ഇന്നലെ ഘോഷയാത്രാ അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ വിശ്രമിച്ചു. ഇന്ന് ളാഹയില്‍ വനംവകുപ്പിന്റെ സത്രത്തില്‍ വിശ്രമിക്കും. മൂന്നാം ദിവസം നീലിമലയിലെത്തും. അവിടെ വച്ച് രാജപ്രതിനിധിയുടെ അനുഗ്രഹം വാങ്ങിയതിനു ശേഷം മല കയറും. ദീപാരാധനയ്ക്കായി നടതുറക്കുമ്പോള്‍ തിരുവാഭരണങ്ങളണിഞ്ഞ അയ്യപ്പവിഗ്രഹം കണ്ട് ലക്ഷക്കണക്കിന് അയ്യപ്പന്മാര് നിര്‍വൃതി അടയും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: