ഇന്ദ്രിയങ്ങളും മനസ്സും പ്രാണനെ സ്തുതിക്കുന്നത് തുടരുന്നു.
ഇന്ദ്രസ്ത്വം പ്രാണ തേജസാ രുദ്രോസി പരിരക്ഷിതാ
ത്വമന്തരിക്ഷേ ചരസി സൂര്യസ്ത്വം ജ്യോതിഷം പതിഃ
തേജസ്വിനാല്‍ ഇന്ദ്രനും രുദ്രനും രക്ഷിതാവും ആയ അങ്ങ് തന്നെയാണ് അന്തരീക്ഷത്തിലെ സൂര്യനും ജ്യോതിസ്സിനും നാഥനായിട്ടുള്ളത്.
പരമേശ്വരനായ പ്രാണന്‍ തന്നെയാണ് തേജസ്സിനാല്‍ സകലലോകത്തിന്റെ അധിപതിയായ ഇന്ദ്രനായും സംഹാരരൂപനായ രുദ്രനായും സൗമ്യരൂപത്തില്‍ സ്ഥിതികാലത്ത് രക്ഷിക്കുന്നവനായും (വിഷ്ണു) ഇരിക്കുന്നത്. സൂര്യനായി അന്തരീക്ഷത്തില്‍ ചരിക്കുന്നതും എല്ലാ ജ്യോതിസ്സുകളുടെയും നാഥനായതും പ്രാണനാണ്. ഇന്ദ്രനായ പ്രാണന്‍ രുദ്രനായും വിഷ്ണുവായും സൂര്യനായും ജ്യോതിസ്സുകളുടെ നാഥനായിരിക്കുന്നുവെന്നും പറയാം. ജ്യോതിഷാം പതി എന്നതുകൊണ്ട് എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നവന്‍ എന്നര്‍ത്ഥം. ഉദയാസ്തമയങ്ങള്‍ നമുക്ക് അനുഭവപ്പെടുന്നതിനാലാണ് സഞ്ചരിക്കുന്ന സൂര്യന്‍ എന്ന് പറഞ്ഞത്. തേജസ്സ് എന്നതിന് തേജസ്സുകൊണ്ട് അഥവാ വീര്യംകൊണ്ട് എന്ന് മനസ്സിലാക്കണം.
യദാ ത്വമഭിവര്‍ഷസ്യഥേമാഃ പ്രാണതേ ്രപജാഃ
ആനന്ദരൂപാസ്തിഷ്ഠന്തി കാമായാണം ഭവിഷ്യനീതി
പ്രാണന്‍ മഴയായി ചെയ്യുമ്പോള്‍ അതുമൂലം ധാരാളം ഭക്ഷണമുണ്ടാകുമെന്ന് കരുതി പ്രജകള്‍ സന്തുഷ്ടരാകുന്നു. ഇൗ മന്ത്രത്തിന് ‘പ്രാണതേ പ്രജാ’ എന്നത് ‘പ്രാണതേ’ എന്നും ‘പ്രാണ, തേ’ എന്നും രണ്ടുതരത്തില്‍ അര്‍ത്ഥം പറയാം. പ്രാണതേ പ്രജാ എന്നാല്‍ പ്രജകള്‍ ജീവിക്കുന്നു. പ്രാണ, തേപ്രജാ- പ്രാണ നിന്റെ പ്രജകള്‍ എന്നുമാണ് അര്‍ത്ഥം. ആദ്യത്തേതില്‍ മഴ പെയ്യുമ്പോള്‍ ഉണ്ടാകുന്ന അന്നത്താല്‍ ജീവിക്കുന്നുവെന്നും രണ്ടാമത്തേതില്‍ നിന്റെ അന്നം കൊണ്ട് വര്‍ധിച്ച പ്രജകള്‍ എന്നും മനസ്സിലാക്കണം. മഴയുടെ രൂപത്തില്‍ വന്ന് അന്നത്തിന് ആധാരമായിരിക്കുന്നത് പ്രാണന്‍തന്നെ.
വ്രാത്യസ്ത്വം പ്രാണൈകര്‍ഷിരത്താ വിശ്വസ്യസത്പതിഃ
വയമാദ്യസ്യ ദാതാരഃ പിതാ ത്വം മാതരിശ്വ നഃ
വ്രാത്യനും ഏകര്‍ഷിയും അന്നവും വിശ്വത്തിന്റെ സത്പതിയും മാതരിശ്വാവ് എന്ന പിതാവുമായ അങ്ങേക്ക് ഞങ്ങള്‍ ഹവിസ്സ് നല്‍കുന്നു.
ആദ്യം ഉണ്ടായതിനാല്‍ സംസ്‌കാരം നല്‍കാന്‍ വേറെ ആരും ഇല്ലാത്തതിനാല്‍ അസംസ്‌കൃതനായതുകൊണ്ട് വ്രാത്യനാണ് അങ്ങ്. സംസ്‌കാരം കൂടാതെതന്നെ സ്വയംശുദ്ധനാണ്. അഥര്‍വത്തില്‍ പറയുന്ന ഏകര്‍ഷി എന്ന അഗ്‌നിയായി എല്ലാ ഹവിസുകളേയും കഴിക്കുന്നതും ലോകത്തിലെ സത്തിന്റെ മുഴുവന്‍ നാഥനും പ്രാണന്‍തന്നെ. ഞങ്ങള്‍ അങ്ങേയ്‌ക്ക് ഹവിസ്സ് നല്‍കുന്നു. മാതരിശ്വാവായ പ്രാണന്‍ അങ്ങയുടെ പിതാവാണ്. അല്ലെങ്കില്‍ അങ്ങ് വായുവിന്റെ പിതാവാണെന്നും അര്‍ത്ഥം പറയാം.
വ്രാത്യന്‍ എന്നതിന് ‘സംസ്‌കാരമില്ലാത്തവന്‍’ എന്നാണ് അര്‍ത്ഥമെങ്കിലും പ്രത്യേകിച്ച് സംസ്‌കാരമൊന്നും വേണ്ടാത്തവന്‍ എന്നും സ്വയമേവ പരിശുദ്ധനായവന്‍ എന്ന് അറിയണം. ജന്മനാ തന്നെ സംസ്‌കാരമുള്ളയാള്‍ക്ക് പിന്നെ വേറെ സംസ്‌കാരം നല്‍കേണ്ടതില്ലല്ലോ.
ഏകര്‍ഷി എന്ന അഗ്‌നിയായി എല്ലാം ഭക്ഷിക്കുന്ന അങ്ങേക്ക് ഞങ്ങള്‍ ഹവിസ്സ് നല്‍കുന്നുവെന്ന് മാത്രം. ലോകത്തിലുള്ളതിന്റെ മുഴുവന്‍ നാഥനും പിതാവും അങ്ങാണ്. ‘മാതരിശ്വത’ എന്നതിന് വായു എന്നും വായുവിന്റെ എന്നും അര്‍ത്ഥമെടുക്കാം. ‘സത്പതി’ എന്നതിന് സമ്പത്തിന്റെ അഥവാ ഉള്ളതിന്റെെയല്ലാം നാഥന്‍ എന്നും സാധുവായ അഥവാ ശരിയായ നാഥന്‍ എന്നും അര്‍ത്ഥം പറയാം. ഏതുതരത്തില്‍ പറഞ്ഞാലും അതൊക്കെ പ്രാണന്റെ മാഹാത്മ്യത്തെയാണ് വര്‍ണിക്കുന്നത്.
യാതേ തനൂര്‍ വാചി പ്രതിഷ്ഠിതായാ ശ്രോത്രേയായ ചക്ഷുഷി
യാ ച മനസി സന്തതാ ശിവാം താം കുരുമോത് ക്രമീഃ
വാക്കിലും ചെവിയിലും കണ്ണിലും മനസ്സിലും പ്രതിഷ്ഠിതനും വ്യാപിച്ചുമിരിക്കുന്ന അങ്ങയുടെ ശരീരത്തെ ശാന്തമാക്കണേ. അങ്ങ് പുറത്തുപോകരുതേ.
വാക്ക് തുടങ്ങിയ കര്‍മ്മേന്ദ്രിയങ്ങളിലും കാത്, കണ്ണ് മുതലായ ജ്ഞാനേന്ദ്രിയങ്ങളിലും മനസ്സിലും വ്യാപിച്ച് അവയ്‌ക്ക് പ്രവര്‍ത്തിക്കാനുള്ള ശക്തിയെ നല്‍കുന്ന പ്രാണനോട് ശാന്തമായിരിക്കാന്‍ ഇന്ദ്രിയങ്ങള്‍ കെഞ്ചുകയാണ് ഇവിടെ. പ്രാണന്‍ ശരീരം വിട്ടുപോയാല്‍ പിന്നെ തങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് ബോധ്യമായതോടെ ‘പോകരുതേ’ എന്നു കരഞ്ഞു പറയുകയല്ലാതെ വേറെന്തു വഴി. പ്രാണന്‍ ശരീരത്തിലിരുന്നാല്‍ ‘ശിവം’ ആയി. വിട്ടുപോയാല്‍ അശിവവും. ശിവമില്ലെങ്കില്‍ പിന്നെ ശവംതന്നെ.
വാഗിന്ദ്രിയത്തിന് വാക്കുകളെ പറയാനും കാതിന് കേള്‍ക്കാനും കണ്ണിന് കാണാനും മനസ്സിന് സങ്കല്‍പം ചെയ്യാനും ഉള്ള കഴിവിനെ കൊടുക്കുന്നതിനാലാണ് പ്രാണന് ഇത്രയധികം പ്രാധാന്യം കൈവന്നത്.
പ്രാണസ്വേദം വശേ സര്‍വം ത്രിദിവേയത് പ്രതിഷ്ഠിതം
മാതേവ പുത്രാന്‍ രക്ഷസ്വ ശ്രീശ്ച പ്രജ്ഞാം ചവിധേഹിന ഇതി
ഈ ലോകത്തിലും സ്വര്‍ഗത്തിലുമുള്ള എല്ലാ ഉപഭോഗങ്ങളും അങ്ങയുടെ അധീനത്തിലാണ്. അമ്മ മക്കളെ നോക്കുന്നതുപോലെ ഞങ്ങളെ രക്ഷിക്കണേ. ഞങ്ങള്‍ക്ക് ഐശ്വര്യങ്ങളേയും ബുദ്ധിയേയും തരണേ എന്ന പ്രകാരം ഇന്ദ്രിയങ്ങള്‍ പ്രാണനെ സ്തുതിച്ചു.
എന്തിനധികം പറയുന്നു. സ്വര്‍ഗ്ഗമുള്‍പ്പെെട സമസ്ത ലോകങ്ങളും പ്രാണന്റെ അധീനത്തിലാണ്. പ്രാണന്‍തന്നെയാണ് എല്ലാറ്റിന്റേയും നിയതാവും രക്ഷിതാവും. മക്കളെ അമ്മ എങ്ങനെയാണോ പരിരക്ഷിക്കുന്നത് അതുപോലെ തങ്ങളെ പാലിക്കണമെന്നാണ് ഇന്ദ്രിയങ്ങളുടെ പ്രാര്‍ത്ഥന. ഇന്ദ്രിയങ്ങളുടെ സ്തുതിയിലൂടെ പ്രാണന്റെ മാഹാത്മ്യം പ്രാണന്‍തന്നെയാണ് പ്രജാപതിയെന്നും നല്ലത് ഊട്ടിയുറപ്പിക്കാം.
എങ്ങും നിറഞ്ഞ ആ പ്രാണശക്തിയാണ് സമഷ്ടിയില്‍ ഹിരണ്യഗര്‍ഭനായും വൃഷ്ടിയില്‍ മുഖ്യപ്രാണനായും ഇരിക്കുന്നത്. പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനശക്തിയെ നല്‍കുന്ന പ്രാണനെ ശരിക്കറിയണം. ഇന്ദ്രിയങ്ങള്‍ പ്രാര്‍ത്ഥിച്ചതുപോലെ പ്രാണനെ വേണ്ടപോലെ അറിയാന്‍ നമുക്ക് കഴിയട്ടെ. ഇതോടെ രണ്ടാം പ്രശ്‌നംതീര്‍ന്നു.
(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)
ഉപനിഷത്തിലൂടെ
സ്വാമി ധ്രുവചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: