പ്രാണന്റെ ശ്രേഷ്ഠതയെ ബൃഹദാരണ്യകോപനിഷത്തിലും ഛാന്ദോഗ്യോപനിഷത്തിലും വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. അത്പ്രശ്നോപനിഷത്തില് ചുരുക്കിപ്പറഞ്ഞു. ഇനി ഇന്ദ്രിയങ്ങളുടെ സ്തുതിയാണ്.
ഏഷോളഗ്നിസ്തപത്യേഷ സൂര്യ ഏഷ പര്‍ജ്ജന്യോ
മഘവാനേഷ വായുഃ ഏഷ പൃഥിവീ രയിര്ദ്ദേവഃ
സദ സച്ചാമൃതം ചയത്
ഈ പ്രാണന് അഗ്നിയായി ജ്വലിക്കുന്നു, സൂര്യനായി പ്രകാശിക്കുന്നു, മേഘമായി (മഴ) വര്‍ഷിക്കുന്ന ഇന്ദ്രനായി പാലിക്കുന്നു. വായുവായിരിക്കുന്നതും ഭൂമിയായിരിക്കുന്നതും രവി (ചന്ദ്രന്)യായിരിക്കുന്നതും സത്തും അസത്തും (മൂര്‍ത്തവും അമൂര്‍ത്തവും)അമൃതമായതും പ്രാണനാണ്. അഗ്നിയായി ജ്വലിച്ച് ചൂടിനെ നല്‍കുന്നത് പ്രാണനാണ്. അതുപോലെ സൂര്യപ്രകാശത്താല്‍ വെളിച്ചവും ചൂടും ഊര്ജ്ജവുമൊക്കെയാകുന്നു. മേഘം മഴയായിത്തീര്ന്ന് പെയ്യുന്നു. ഇന്ദ്രനായി പ്രജകളെ പാലിക്കുന്ന ദുഷ്ടരായ അസുരന്മാരെയും രക്ഷസ്സുകളേയും നിഗ്രഹിക്കുന്നു. ആവഹന്‍, പ്രവഹന്‍ എന്നിങ്ങനെ ഏഴ് തരത്തിലുള്ള വായുമാതയും പ്രാണന് തന്നെ. ഭൂമിയായി ജീവജാലങ്ങളുടെ നിലനില്‍പ്പിന് ആധാരമാകുന്നു. ചന്ദ്രനായി അന്നരൂപത്തില്‍ എല്ലാറ്റിനേയും പോഷിപ്പിക്കുന്നു. നമ്മുടെ അന്നമായ ഫലമൂലാദികളും മറ്റും ചന്ദ്രന്റെ പോഷണം കൊണ്ടാണ് സസ്യജാലങ്ങള്‍ക്ക് ലഭിക്കുന്നത്. മൂത്തമായും അമൂര്‍ത്തമായും ഉള്ളതെല്ലാം പ്രാണന്‍തന്നെ. ദേവന്മാരുടെ സ്ഥിതിക്ക് കാരണമായ അമൃതവും പ്രാണനാണ്. സമസ്തജീവ ജലങ്ങളുള്പ്പെടുന്ന സമഷ്ടി ശരീരമായപ്രപഞ്ചത്തിലെ പ്രാണ ശക്തിയെയാണ് ഇങ്ങനെ സ്തുതിക്കുന്നത്. ലോകത്തെ മുഖ്യശക്തി പ്രാണനാണെന്ന് അറിയണം.
അരാ ഇവ രഥനാഭൗ പ്രാണേ സര്‍വ്വം പ്രതിഷ്ഠിതം
ഋചോയജ്ഞംഷി സാമാനിയജ്ഞഃ ക്ഷത്രം ബ്രഹ്മച
രഥചക്രത്തിന്റെ നടുവിലുള്ള നാഭിയില്‍(കുടത്തില്‍) ആരക്കാലുകളെന്നപോലെ എല്ലാം പ്രാണനില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഋക്കുകളും യജുസ്സുകളും നാമങ്ങളും യാഗവും ക്ഷത്രിയരും ബ്രാഹ്മണരും എല്ലാം പ്രാണന് തന്നെ.
ആറാം പ്രശ്നത്തില്‍ നാലാം മന്ത്രത്തില്‍ പറയുന്ന ശ്രദ്ധ മുതല്‍ നാമം വരെയുള്ള 16 കലകളും രഥചക്രത്തിന്റെ ഒത്തനടുവില്‍ ഉറപ്പിച്ചിരിക്കുന്ന ആരക്കാലുകളാകുന്ന അഴികളെപ്പോലെ പ്രാണനില്‍ സ്ഥിതിചെയ്യുന്നു. അവയുടെ ഉദ്ഭവം പ്രാണനില്‍നിന്നാണ്. അതുപോലെ ഋക് യജുസ്സ്, സാമം എന്നിങ്ങനെയുള്ള വേദമന്ത്രങ്ങളും അവകൊണ്ട് സാധിക്കേണ്ടതായ യാഗവും എല്ലാം പാലിക്കേണ്ടതായ ക്ഷത്രിയരും യജ്ഞാദികര്മ്മങ്ങള്ക്ക് അധികാരമുള്ള ബ്രാഹ്മണരും എല്ലാം പ്രാണനാണ്. പ്രപഞ്ചം പ്രവര്‍ത്തിക്കുന്നത് പ്രാണശക്തിയാലാണ്. പ്രാണനാകുന്ന അച്ചുതണ്ടിലാണ് സര്‍വ്വവും നിലനില്‍ക്കുന്നത്.
പ്രജാപതിശ്ചരസി ഗര്‍ഭേ ത്വമേവപ്രതിജായസേ
ഉഭ്യം പ്രാണ പ്രജാസ്ത്വിമാ ബലിം ഹരന്തി
യഃ പ്രാണൈഃ പ്രതിതിഷ്ഠസി
പ്രജാപതിയായ അങ്ങ് തന്നെയാണ് അമ്മയുടെ ഗര്‍ഭത്തില്‍ ചരിക്കുന്നത്. അച്ഛനമ്മമാരുടെ തനിപ്പകര്‍പ്പായി ജനിക്കുന്നതും അങ്ങു തന്നെ. മനുഷ്യര്‍ മുതലായ പ്രജകളെല്ലാം ഇന്ദ്രിയങ്ങള്‍ വഴി ബലിയര്‍പ്പിക്കുന്നത് അഥവാ കരംതരുന്നത് അങ്ങേക്കാണ്. എല്ലാം ശരീരങ്ങളിലും ഭോക്താവായി കുടികൊള്ളുന്ന അങ്ങേയ്ക്ക് മറ്റുള്ളതെല്ലാം ഭോജ്യമാണ്.
ഓരോ അമ്മയുടെയും ഗര്‍ഭത്തില്‍ ശിശുവായിരിക്കുന്നത് പ്രാണനാണ്. മാതാപിതാക്കളുടെ പകര്‍പ്പായി ജനിക്കുന്നതും മറ്റൊന്നല്ല. അതുകൊണ്ടുതന്നെ അച്ഛനമ്മമാരും അങ്ങു തന്നെയാണ്. എല്ലാ ദേഹങ്ങളുടെയും ദേഹികളുടെയും ആകൃതിയില്‍ ഇരിക്കുന്നത് സര്‍വാത്മാവായ പ്രാണന്‍തന്നെയാണ്. പ്രജകള്‍ ഇന്ദ്രിയങ്ങളിലൂടെ വിഷയങ്ങള്‍ വഴി ജ്ഞാനമാകുന്ന കരം അടയ്ക്കുന്നത് അവിടത്തേക്കാണ്. എല്ലാറ്റിനേയും അറിയുന്നവനും അനുഭവിക്കുന്നവരുമായി ഇരിക്കുന്നതിനാല്‍ അങ്ങേയ്ക്ക് ബലിയര്‍പ്പിക്കുക, കരം തരുക എന്ന് പറഞ്ഞത് വളരെ യുക്തമാണ്. ജീവാത്മാവ് തന്നെയാണ് പ്രാണന് എന്ന് കൂടുതല്‍ ഉറപ്പിക്കുകയാണ് ഈ മന്ത്രത്തില്‍. ബ്രഹ്മത്തിന്റെ പ്രതീകമായി ഇതിനെ ഉപാസിക്കണം.
ദേവാനാമസി വഹ്നിതമഃ പിതൃണാം പ്രഥമാ സ്വധാ
ഋഷീണാം ചരിതം സത്യമഥര്വ്വാണ് ശിരസാമസി
ദേവന്മാര്ക്ക് ഹവിസ്സ് എത്തിച്ചുകൊടുക്കുന്നതില്‍ പ്രധാനിയും പിതൃക്കള്‍ക്ക് ആദ്യം നല്കുന്ന അന്നവും പ്രാണനും രൂപങ്ങളും അംഗപോഷകങ്ങളുമായ കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങളുടെ ദേഹധാരണത്തിന് കാരണമായ വ്യാപാരവും പ്രാണനായ അങ്ങുതന്നെയാണ്.
വഹിക്കുന്നതുകൊണ്ട് അഗ്നിയ്ക്ക് വഹ്നി എന്ന പേര്. യാഗാദികളില്‍ ഹോമിക്കുന്ന ഹവിസ്സിനെ ദേവന്മാര്ക്ക് എത്തിച്ചുകൊടുക്കുന്നതിനാലാണ് അഗ്നിയ്ക്ക് വഹ്നി എന്നുപേരുണ്ടായത്. പിതൃക്കള്‍ക്ക് നല്കുകുമ്പോള് ‘സ്വധാ’ എന്ന മന്ത്രം ചൊല്ലുന്നതിനാല്‍ പിതൃ അന്നത്തെ സ്വധാ എന്നു പറയുന്നു. പുറംലോകത്തില്‍നിന്ന് വസ്തുക്കളെക്കുറിച്ചുള്ള അറിവ് തരുന്നതുകൊണ്ട് ഇന്ദ്രിയങ്ങളെ ഇവിടെ ഋഷികള്‍ എന്നുവിളിക്കുന്നു. മുഖ്യ പ്രാണനെയും ഇന്ദ്രിയങ്ങളെയുമാണ് അഥര്വ്വാക്കള് എന്ന് വിളിച്ചത്. അംഗിരസങ്ങള് എന്നാല്‍ അംഗപോഷണത്തിന് സഹായിക്കുന്നവ. പ്രാണന്റെ അംഗമായ ഇന്ദ്രിയങ്ങളായും അവയെ പോഷിപ്പിക്കുന്നവനായും അവയ്ക്കൊക്കെ കാരണമായിരിക്കുന്നതും മുഖ്യ പ്രാണന് തന്നെ.
പ്രാണങ്ങളില്ലാതെ വരുമ്പോള്‍ ശരീരം നിലനില്‍ക്കാത്തതിനാലാണ് അംഗിരസങ്ങള് എന്നുപറഞ്ഞത്. ദേവന്മാര്ക്ക് ഹവിസ്സ് എത്തിക്കുന്നതില്‍ മുന്‍പനായ വഹ്നിയായിരിക്കുന്ന അങ്ങ് തന്നെയാണ് ദേവന്മാര്ക്കുള്ള കര്‍മ്മങ്ങളുടെ ആരംഭത്തില്‍ ചെയ്യുന്ന ‘നാന്ദീമുഖ’ ശ്രാദ്ധത്തില്‍ പിതൃക്കള്‍ക്ക് കൊടുക്കുന്ന സ്വധ എന്ന അന്നം. ദേവന്മാര്ക്ക് ഹവിസ്സ് കൊടുക്കും മുന്‍പേ നല്കുന്നതിനാല് പ്രഥമ എന്നുപറയുന്നു. ഇപ്രകാരം എല്ലാ തരത്തിലും പ്രാണന് തന്നെയാണ് കേമമെന്ന് വാഴ്ത്തി സ്തുതിക്കുന്നു.
(തുടരും)
സ്വാമി ധ്രുവചൈതന്യ
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)
പ്രതികരിക്കാൻ ഇവിടെ എഴുതുക: