തൃശൂര്‍: കലയുടെ കനകകിരീടം ചൂടി കോഴിക്കോട്. തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. അവസാന ദിവസം വരെ കിരീട പോരാട്ടത്തില്‍ ഇഞ്ചോടിഞ്ച് പൊരുതിയ പാലക്കാടിന് രണ്ട് പോയിന്റ് വ്യത്യാസത്തില്‍ കിരീടം നഷ്ടം. അടുത്ത വര്‍ഷം ആലപ്പുഴയില്‍ കാണാമെന്ന് ഉപചാരംചൊല്ലി കലയുടെ പൂരം തീര്‍ത്തവര്‍ മടങ്ങി.
കോഴിക്കോടിന് 895 പോയിന്റ് ലഭിച്ചപ്പോള്‍ പാലക്കാടിന്റെ കുതിപ്പ് 893 ല്‍ ഒതുങ്ങി. കഴിഞ്ഞ വര്‍ഷവും കോഴിക്കോട് ജേതാക്കളും പാലക്കാട് റണ്ണര്‍അപ്പുമായിരുന്നു. 875 പോയിന്റ് നേടിയ മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. തൃശൂരും കണ്ണൂരും 865 പോയിന്റുകള്‍ വീതം നേടി നാലാംസ്ഥാനം പങ്കിട്ടു. അവസാന ദിവസമായ ഇന്നലെ നടന്ന നാടോടിനൃത്തം, മിമിക്രി, മോണോ ആക്ട് മത്സരഫലങ്ങളാണ് വിജയികളെ നിര്‍ണ്ണയിച്ചത്.
വ്യാജ അപ്പീലുകളും അതേത്തുടര്‍ന്നുള്ള അറസ്റ്റുകളും മേളയുടെ മേല്‍ കരിനിഴലായി. അപ്പീലുകളുടെ എണ്ണം റെക്കോഡ് കടന്നതോടെ രാവും പകലും തുടര്‍ച്ചയായി വേദികളില്‍ മത്സരങ്ങള്‍ നടത്തേണ്ടി വന്നു. 24 മണിക്കൂറും വേദികളില്‍ മത്സരങ്ങള്‍ അരങ്ങേറിയ സംഭവം സമീപകാല ചരിത്രത്തില്‍ വേറെയില്ല. ഇത് മത്സരാര്‍ത്ഥികളുടെ പ്രകടനത്തെ ദോഷകരമായി ബാധിച്ചു.
മാന്വല്‍ പരിഷ്കരണത്തിലെ അപാകതകള്‍ അടുത്ത വര്‍ഷം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് മന്ത്രി രവീന്ദ്രനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മന്ത്രി.വി.എസ്. സുനില്‍കുമാര്‍, ഡിപിഐ കെ.വി. മോഹന്‍കുമാര്‍, എഡിപിഐ ജെസി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: