തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു രൂപീകരിക്കുന്ന ലോക കേരളസഭയുടെ അംഗത്വം തര്‍ക്കത്തില്‍. സഭ ചേരാന്‍ രണ്ടുദിവസം മാത്രം ബാക്കിയിരിക്കെ അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സഭയിലെ പരിപാടികള്‍ എന്തെന്നതിലും വ്യക്തത വന്നിട്ടില്ല.
കേരളത്തിനകത്തും വിദേശത്തും ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരളസഭ. നിയമസഭ അംഗങ്ങളും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും ഉള്‍പ്പെടെ 351 ആണ് സഭയുടെ അംഗബലം. പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ സംസ്ഥാന സര്‍ക്കാരാണ് നാമനിര്‍ദ്ദേശം ചെയ്യുക. വിദേശത്തുള്ള 100 പേരെ തെരഞ്ഞെടുത്തതാണ് പ്രശ്നമായത്. അംഗങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാകണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടും നിയമിക്കപ്പെട്ടവരില്‍ 28 പേര് വിദേശ പൗരന്മാരാണ്. അമേരിക്ക, മലേഷ്യ, ആസ്ട്രേലിയ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട ഭൂരിഭാഗംപേരും അതത് രാജ്യങ്ങളിലെ പൗരന്മാരാണ്. ഇന്ത്യ ഇരട്ടപൗരത്വം അംഗീകരിച്ചിട്ടില്ല. അതിനാല്‍ വിദേശപൗരത്വം സ്വീകരിച്ചാല്‍ ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. ഇങ്ങനെ പൗരത്വം നഷ്ടപ്പെട്ട 28 പേരെയാണ് കേരള സഭയില്‍ എടുത്തിരിക്കുന്നത്.
അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാനസര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ രാഷ്ടീയ നിയമനമായിട്ടായിരിക്കും കേരള സഭയിലെ അംഗത്വത്തെ കാണുക. അത് വിദേശപൗരത്വം ഉള്ളവര്‍ക്ക് ആ രാജ്യത്തും പ്രശ്നം സൃഷ്ടിക്കും. സ്വന്തം പൗരന്മാര് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഔദ്യോഗികപദവി ഏറ്റടുത്താല്‍ അമേരിക്കയും മറ്റും എങ്ങനെ പ്രതികരിക്കും എന്നത് വ്യക്തമല്ല.
വിദേശപൗരത്വമുള്ള ഭാരതീയര്‍ക്ക് ഒസിഐ കാര്‍ഡ് അടുത്തകാലത്തായി നല്‍കുന്നുണ്ട്. രാജ്യത്ത് തുടര്‍ച്ചയായി പ്രവേശിക്കുന്നതിനും ഇടയ്ക്കിടെ പോലീസ് സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട് ചെയ്യുന്നത് ഒഴിവാകുന്നതിനും ഈ കാര്‍ഡ് ഉപയോഗിക്കാം. ഇന്ത്യന്‍ പൗരനുള്ള മറ്റവകാശങ്ങള്‍ ഒസിഐ കാര്ഡുള്ളവര്ക്കില്ലെന്ന് വിദേശകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കേരളസഭയിലെ അംഗത്വം ഒസിഐ കാര്‍ഡ് നഷ്ടപ്പെടാന്‍ കാരണമാകും.
അംഗത്വം ലഭിച്ച പലരും കുടുക്ക് മനസ്സിലായി പിന്മാറിയിരിക്കുകയാണ്. പ്രത്യേക ക്ഷണിതാക്കളായി ഇവരെ പങ്കെടുപ്പിക്കാനാണ് അവസാനനീക്കം. അംഗങ്ങളുടെ പട്ടികപ്രസിദ്ധീകരിക്കാത്തതും അതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: