ആലപ്പുഴ: പ്രതികളെ പിടിക്കാന്‍ മാവേലിക്കര സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ യാത്ര തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്ത വാഹനത്തില്‍. റോഡ് ടാക്സ് പോലും അടയ്ക്കാത്ത, മതിയായ രേഖകളില്ലാത്ത, തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത, ടിഎന്‍ 22 സിഡി 9763 എന്ന വാഹനമാണ് ഈ സ്റ്റേഷനില്‍ നിര്‍ബാധം ഉപയോഗിക്കുന്നത്.
അന്യസംസ്ഥാന വാഹനങ്ങള്‍ കേരളത്തിലെ റോഡുകളില്‍ ഓടുമ്പോള്‍ പാലിക്കേണ്ട ഒരു നിയമവും ഏമാന്മാര്ക്ക് ബാധകമല്ലാത്ത അവസ്ഥ. ഈ വാഹനത്തിന്റെ വിവരങ്ങള്‍ ആര്‍ടി ഓഫീസില്‍ തിരക്കിയപ്പോള്‍ അവര്‍ കൈമലര്‍ത്തുകയാണ്, പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെ റോഡുകളില്‍ വാഹനം ഓടിച്ചതിന് താരങ്ങള്‍ക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച് മുന്നോട്ടു പോകുമ്പോഴാണ് മാവേലിക്കരയിലെ പോലീസുകാര്‍ തൊണ്ടിമുതലായി പിടിച്ചെടുത്ത അന്യസംസ്ഥാന വാഹനത്തില്‍ കറങ്ങുന്നത്.
മാവേലിക്കരയില്‍ അടുത്തിടെ നടന്ന രാഷ്ട്രീയ സംഘട്ടനത്തില്‍ ഒരു വിഭാഗം പ്രതികളെ പിടികൂടാന്‍ പോലീസ് വാഹനത്തിന് പകരം ഉപയോഗിച്ചത് ഈ വാഹനമാണ്. പ്രതികളെ പിടികൂടി ഈ കാറില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.
ജി. ഗോപകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: