തൃശൂര്‍: കലോത്സവമെന്നു കേട്ടാലെ സുരേഷിന് ആവേശമാണ്. അത് സംസ്ഥാനതലത്തിലേതെങ്കില് ആവേശം ഇരട്ടി. കോഴിക്കോട് ദേവീശില്പ്പത്തില് സുരേഷ് കുറുവയലിന് ഇത് കലയുടെ ഉത്സവപ്പറമ്പിലേക്കുള്ള ഇരുപത്തെട്ടാം വര്‍ഷം.
1990ലാണ് സുരേഷ് ആദ്യമായി സംസ്ഥാന കലോത്സവത്തിനെത്തുന്നത്. അത് കാഴ്ചക്കാരനായി മാത്രമല്ല, മത്സരാര്‍ത്ഥിയായി. അന്ന് മാപ്പിളപ്പാട്ടിലും ലളിതഗാനത്തിലും പങ്കെടുത്തു മടങ്ങിയ സുരേഷ് പിന്നീട് ഇന്നുവരെയുള്ള ഒരു കലോത്സവവും മുടക്കിയിട്ടില്ല. ആദ്യമായി വേദിയിലെത്തിയതിന്റെ ആവേശത്തിന് മനസില്‍ ഒട്ടും മങ്ങലുമില്ല. 15 വര്‍ഷമായി വസ്ത്രാലങ്കാര രംഗത്ത് പ്രവര്‍ത്തിക്കുന്ന സുരേഷ് ചിത്രരചനയിലും വിദഗ്ധനാണ്.
ഇത്തവണ സുരേഷ് വേദിയിലെത്തിയതിന് ഒരു പ്രത്യേകതയുണ്ട്. മകള്‍ ശ്രീവരദ പങ്കെടുക്കുന്ന ആദ്യ കലോത്സവത്തിന് വസ്ത്രാലങ്കാരമൊരുക്കാന്. അനുഷ്ഠാന കലകളുടെ വസ്ത്രാലങ്കാരമൊരുക്കാനാണ് സുരേഷിന് ഇഷ്ടം. ഈ രംഗത്തെ മികവിന് സംസ്ഥാന നാളികേര ബോര്‍ഡിന്റെ പുരസ്കാരമുള്‍പ്പെടെ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: