തിരുവനന്തപുരം : എകെജിക്കെതിരായ മോശം പരാമര്‍ശത്തില്‍ വിടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍. ‘അമൂല്‍ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്പോള്‍’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വി എസ് അച്യുതാനന്ദന്‍ ബല്‍റാമിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ബല്‍റാം രാജ്യത്തിന്റെയും കേരളത്തിന്‍രെയും ചരിത്രവും പാരമ്പര്യവും അറിയാത്ത അമുല്‍ബേബിയാണെന്ന് വിഎസ് ലേഖനത്തില്‍ പറയുന്നു. എകെജിയെപ്പറ്റി കോണ്‍ഗ്രസ് യുവനേതാവ് ഫെയ്‌സ് ബുക്കില്‍ കുറിച്ചത് തികച്ചും അസംബന്ധജടിലമായ പരാമര്‍ശങ്ങളാണ്.
ഒരു നാടിന്റെ ചരിത്രവും പാരമ്പര്യവും അറിയാത്തവര്‍ പിന്നെ എങ്ങനെയാണ് ആ നാടിനെ, ആ നാടിന്റെ ജീവിതത്തെ, അതിന്റെ ഭാഗധേയത്തെ മുന്നോട്ടുനയിക്കുക പേരിന്റെ അക്ഷരങ്ങള്‍ക്കുപിന്നില്‍ തുന്നിച്ചേര്‍ക്കുന്ന ബിരുദങ്ങളാകരുത് ഒരു പൊതുപ്രവര്‍ത്തകനെയും നേതാവിനെയും ഭരിക്കേണ്ടത്. നാടിന്റെയും ജനങ്ങളുടെയും നാഡീസ്പന്ദങ്ങള്‍ തൊട്ടറിയുകയാണ് അതിനാവശ്യം. അതില്ലാതെ വന്നാല്‍, പൊങ്ങുതടിപോലെ നീന്തിനടക്കാമെന്നുമാത്രം. പൊങ്ങുതടികളായി നീന്തിനടന്നവരല്ല ചരിത്രത്തെ മുന്നോട്ടുനയിച്ചിട്ടുള്ളത്. ജീവിതത്തില്‍ ഇടപെടുകയും പോരാടുകയും ജീവിതംതന്നെ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളവരാണ് ചരിത്രത്തിന് കിന്നരികള്‍ ചാര്‍ത്തിയിട്ടുള്ളത് എന്നോര്‍ക്കണം. എന്ന് ഓര്‍മ്മപ്പെടുത്തികൊണ്ടാണ് വിഎസിന്റെ ലേഖനം തുടങ്ങുന്നത്.
2011ലെ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍ അസംബന്ധജടിലവും അര്‍ഥശൂന്യവുമായ പ്രസ്താവന നടത്തിയതിന് രാഹുല്‍ ഗാന്ധിയെ ഞാന്‍ ‘അമൂല്‍ ബേബി’ എന്നു വിളിച്ചിരുന്നു. ഇപ്പോള്‍ എ കെ ജി എന്ന വന്‍മരത്തിന് നേരെ ആത്മാര്‍ഥതയില്ലാത്ത അക്ഷരവ്യയം നടത്തുന്ന കോണ്‍ഗ്രസിന്റെ യുവനേതാവിനും ഈ പ്രയോഗം അന്വര്‍ഥമാണെന്ന് തോന്നുന്നു.
മഹാത്മാഗാന്ധി കസ്തൂര്‍ബായെ വിവാഹം കഴിക്കുമ്‌ബോള്‍ ഗാന്ധിജിക്ക് പതിമൂന്നും കസ്തൂര്‍ബായ്‌ക്ക് പതിനൊന്നും വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. കസ്തൂര്‍ബായുമായി ബന്ധപ്പെട്ട’ വൈകാരികചിന്തകള്‍മൂലം പഠനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഗാന്ധിജി തന്നെ ആത്മകഥയില്‍ പറയുന്നുണ്ട്. ഈ യുവനേതാവ് ഗാന്ധിജിയുടെ ആത്മകഥ മനസ്സിരുത്തി ഒന്നു വായിച്ചുനോക്കണം. എന്നിട്ട്, വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജിയെപ്പറ്റിയും എ കെ ജി യെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് ഞാന്‍ ആശിക്കുന്നത്.
ബല്‍റാമിന്റെ പരാമര്‍ശം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളൊക്കെ പ്രതികരിച്ചിട്ടുണ്ട്. പരാമര്‍ശത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. പറയാന്‍ പാടില്ലാത്തതാണ്. എന്നൊക്കെയാണ് ഇക്കൂട്ടര്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് പാര്‍ടി അംഗീകരിക്കാത്ത ഒരു കാര്യം പറഞ്ഞ ആളെ തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണം എന്നാണ് എനിക്ക് പറയാനുള്ളത്. ലേഖനത്തില്‍ വിഎസ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: