വേഗത ഇപ്പോള്‍ സൗകര്യങ്ങളുടെ സാധ്യതയായിട്ടുണ്ട്. എല്ലാം വായുവേഗത്തില്‍ ഓടിച്ചാടി ചെയ്യണമെന്നു വന്നിരിക്കുന്നു. പിന്നാലെ ആവശ്യങ്ങളോ സൗകര്യങ്ങളോ ക്യൂ നില്ക്കുമ്പോള് മുന്നിലുള്ളവ തടസമാകാതിരിക്കാന്‍ അവയെ ഉന്തിത്തള്ളിവിട്ടേ പറ്റൂ എന്ന മനോഭാവമാണ് എല്ലാവര്ക്കും. എല്ലാം ഇങ്ങനെ തള്ളിവിടുമ്പോള്‍ ബാക്കിയാകുന്നതെന്ത്. ഇങ്ങനെ പാഞ്ഞുപോയാല്‍ മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്.
വായുഗുളികയ്ക്കെന്നപോലെ പായുന്നവര്‍ അതിനെക്കുറിച്ചു ഒരുനിമിഷം ചിന്തിച്ചിട്ടുണ്ടോ. ജീവിതം ആഗ്രഹങ്ങള്‍ മാത്രമാകുമ്പോഴാണ് ഈ മരണപ്പാച്ചില്‍ സംഭവിക്കുന്നതെന്ന്. ആഗ്രഹങ്ങള്‍ വേണമെങ്കിലും അവയ്ക്കുമാത്രമുള്ള ജീവിതത്തെക്കുറിച്ച് എന്തുപറയാനാണ്. പഴമക്കാര്‍ക്ക് ജീവിതത്തെ നെട്ടോട്ടം ഓടിക്കുന്ന മോഹങ്ങളില്ലായിരുന്നു. അവരുടെ ആവശ്യങ്ങള്ക്കുമുണ്ടായിരുന്നു പരിമിതികള്‍. ജീവിതം ആവശ്യങ്ങള്‍ കുത്തിത്തിരികാനുള്ള പീറച്ചാക്കാണെന്ന് അവര്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.
പഴമയെല്ലാം പ്രാകൃതമാണെന്ന് പുതു തലമുറക്കാര്ക്കുപോലും അഭിപ്രായമില്ല. പുതുമയിലേക്കുള്ള കാമ്പ് പഴമയിലെ കാതലില്‍നിന്നും ഉണ്ടായതാണെന്നതില്‍ അവര്‍ക്കും തര്ക്കുണ്ടാവില്ല. എന്നുവെച്ച് പഴമയിലേക്കുമാത്രമുള്ള തിരിച്ചുപോക്കല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂതകാലത്തെ വേണ്ടാത്തൊരു നാളായി കൊണ്ടാടരുതെന്നുമാത്രം. കാലംചെല്ലുംതോറും മൂല്യങ്ങളില്‍ മാറ്റമുണ്ടാകാം. അത് കുപ്പായത്തിന്റെ ഫാഷന്പോലെയാകാം. എന്തുഫാഷനായാലും കുപ്പായത്തിന്റെ അടിസ്ഥാനലക്ഷ്യം ശരീരം മറയ്ക്കുക എന്നതാണ്. അതുപോലെ കാലം മാറിയാലും മൂല്യങ്ങളിലെ ധാര്‍മികത മാറ്റമില്ലാതെ തുടരും. ഈ ധാര്‍മികതയാണ് ജീവിതത്തിനു ലക്ഷ്യമുണ്ടാക്കുന്നത്. വ്യക്തികളേയും കുടുംബത്തേയും സമൂഹത്തേയും നിലനിര്‍ത്തിപ്പോരുന്നതും അതാണ്.
പണ്ട് സന്ധ്യയ്ക്കുശേഷം സീരിയലുകള്‍ സമയം അപഹരിക്കുന്നുവെന്നായിരുന്നു പരാതിയെങ്കില്‍ ഇപ്പോള്‍ മുഴുവന്‍ സമയവും മനുഷ്യന് മൊബൈലിന്റേയും നെറ്റിന്റേയും അടിമയാണെന്നു വന്നിരിക്കുന്നു. നെറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവരങ്ങളുടേയും നിലവാരമില്ലാത്ത കാഴ്ചകളുടേയും ഗൈമുകളുടേയും താഴ്ചക്കുഴികളിലേക്കു പതിക്കുന്നുണ്ട് മനുഷ്യര്‍. മൊബൈലില്‍ സംസാരിച്ചും നെറ്റില്‍ കാഴ്ചകള്‍കണ്ടും മറ്റുള്ളവരെ ഒഴിവാക്കാനും അവഗണിക്കാനും ആളുകള്‍ എളുപ്പവഴികള്‍ കണ്ടെത്തിയിരിക്കുന്നു.
ഇതവനെ യന്ത്രങ്ങള്‍ സമ്മാനിക്കുന്ന ദ്വീപുകളിലാക്കിയിരിക്കുകയാണ്. പ്രായഭേദമന്യേ ഇത്തരം ദ്വീപുനിവാസികളാണ് ഇന്ന് എല്ലാവരും. ഇതില്‍നിന്നുള്ള കരേറ്റം പെട്ടെന്നുണ്ടാകുമെന്നു തോന്നുന്നില്ല. ആധുനികതയുടെ മൂല്യങ്ങളിലൊന്ന് ഇങ്ങനേയുംകൂടിയാണെന്നു വന്നിരിക്കുന്നു .മനുഷ്യനെ കൂടുതല്‍ അടുപ്പിക്കുന്ന കാലത്തുനിന്നും അവനെ കൂടുതല്‍ അകലത്തിലാക്കുന്ന ചെപ്പടി വിദ്യകളാണ് മനുഷ്യന്റെ ഇന്നത്തെ ആസ്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: