കൊച്ചി: വിജിലന്‍സിന് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കുമോയെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. ജനുവരി 25 നകം വിശദീകരണം നല്‍കാനും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്കിയതിനെതിരെയുള്ള വിജിലന്‍സ് കേസ് റദ്ദാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
സര്‍ക്കാരിന് അനഭിമതനായതോടെ ജേക്കബ് തോമസിനെ പുറത്താക്കിയ ശേഷം വിജിലന്‍സിന് ഡയറക്ടറില്ല. പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തന്നെ ഈ ചുമതലയും നിര്‍വ്വഹിച്ചുവരികയാണ്. പൂര്‍ണ്ണ സമയ ഡയറക്ടറില്ലാത്തത് മാസങ്ങളായി വിജിലന്‍സിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. മന്ത്രിമാരെയും സിപിഎം നേതാക്കളെയും തൊട്ടതോടെ ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് നീക്കി ഐഎംജി ഡയറക്ടറാക്കി. അനുമതി വാങ്ങാതെ ആത്മകഥയെഴുതി,
സര്‍ക്കാരിനെതിരെ പ്രതികരിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കെതിരെ പായിച്ചിറ നവാസ് വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയിലാണ് കേസ് എടുത്തത്. അനാവശ്യ പരാതിയാണിതെന്ന് വിലയിരുത്തിയ ഹൈക്കോടതി പായിച്ചിറ നവാസിന്റെ പരാതികളുടെ സാഹചര്യവും പശ്ചാത്തലവും അറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നു. വിവിധ വിജിലന്‍സ് കോടതികളിലായി മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇയാള്‍ നൂറിലേറെ പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമോയെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
ശങ്കര്‍ റെഡ്ഡിക്ക് പ്രൊമോഷന് നല്‍കിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കെതിരെയാണ് നവാസ് പരാതി നല്‍കിയത്. എന്നാല്‍ സ്ഥാനക്കയറ്റം നല്‍കിയതില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: