ദുഷ്ടരാജാക്കന്മാരെയും സൈന്യങ്ങളെയും കത്തിജ്വലിക്കുന്ന മുഖങ്ങള്‍കൊണ്ട് വിഴുങ്ങുകയും ദംഷ്ട്രകള്‍കൊണ്ട് ചവച്ച് അരക്കുകയും ചെയ്തു. അങ്ങ് കോപം തീരാതെ അവരുടെ രക്തം പുരണ്ട തന്റെ ചുണ്ടുകള്‍ വീണ്ടും വീണ്ടും നക്കുന്നു! അങ്ങയ്ക്ക് ഇനിയും തൃപ്തിയായില്ലെന്നു തോന്നുന്നു.
അങ്ങയുടെ അതിഘോരങ്ങളും തീക്ഷ്ണങ്ങളുമായ രശ്മികള്‍, സ്വന്തം തേജസ്സുകൊണ്ട് ലോകത്തില്‍ മുഴുവന്‍ വ്യാപിക്കുകയും തപിപ്പിക്കുകയും ചെയ്യുന്നു.
കോ ഭവാന്? അങ്ങ് ആരാണ്? (11-31)
കല്പാന്തകാലത്തില് കാലാന്തകന്‍ പ്രാണികളെ എന്ന പോലെ, കത്തിജ്വലിക്കുന്ന വായകളിലൂടെ അങ്ങ് വിഴുങ്ങുന്നു. ചിന്തിക്കുമ്പോള്‍ അങ്ങയുടെ കൃത്യം മഹാദ്ഭുതം തന്നെ! ഹേ, ദേവശ്രേഷ്ഠ! അങ്ങേയ്ക്ക് നമസ്കാരം! വാസ്തവത്തില്‍ അങ്ങ് ആരാണ്? ഈ ഉഗ്രഭാവം ഉപേക്ഷിച്ച് പ്രസന്നനായിത്തീരൂ!
ഉഗ്രന്റെ-പ്രളയകാല രുദ്രന്റെ-രൂപം ധരിച്ച അങ്ങ് ആ രുദ്രന് തന്നെയാണോ? അതോ പ്രളയാഗ്നിയാണോ? മഹാമൃത്യുദേവനാണോ? പരമപുരുഷന്തന്നെയാണോ? വേറെ ഏതെങ്കിലും ദേവന് തന്നെയാണോ? അങ്ങയുടെ സ്വരൂപവും പ്രവൃത്തിയും എനിക്ക് പറഞ്ഞുതന്നാലും! വിശ്വസംഹാര കര്‍ത്താക്കളായ ദേവന്മാരുടെ അഗ്രേസരനാണോ! ജഗത്തിന്റെ ആദികാരണമായ ഈശ്വരനാണോ? ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നു.
എന്റെ സ്വരൂപവും പ്രവൃത്തിയും, എന്നെകണ്ടിട്ടും എന്റെ കര്‍മ്മങ്ങള്‍ കണ്ടിട്ടും വ്യക്തമായില്ലേ? എന്നാണെങ്കില്‍ ഞാന്‍ മനുഷ്യനാണ്; വളരെ കുറച്ചു ജ്ഞാനമേ എനിക്കുള്ളൂ. ഒന്നും അറിയുന്നില്ല; പറഞ്ഞുതന്നാലും.
അങ്ങ് സൗമ്യസ്വഭാവനായ വിഷ്ണുവാണെന്നായിരുന്നു ഞാന്‍ പണ്ടു മനസ്സിലാക്കിയിരുന്നത്. ഇപ്പോള്‍ തമപ്രധാനനും ഉഗ്രസ്വഭാവനുമായി കാണപ്പെടുന്നു. അതുകൊണ്ടാണ് ചോദിക്കുന്നത്. തന്റെ മുന്പില് സാരഥിയായി നില്ക്കുന്ന ശ്രീകൃഷ്ണ ഭഗവാനോടാണ് അധ്യായാരംഭത്തില്‍ അര്ജ്ജുനന്
(1) ”ദ്രഷ്ടുമിച്ഛാമിതേ രൂപ
മൈശ്വരം പുരുഷോത്തമ!” (11-3)
(2) ”ത്വം ദര്‍ശയാത്മാനമവ്യയം” (11-4)
((1) അങ്ങയുടെ ഐശ്വരമായ രൂപം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
(2) നാശരഹിതമായ രൂപം കാട്ടിത്തന്നാലും)
എന്ന് അഭ്യര്‍ത്ഥിച്ചത്. ഇപ്പോള്‍ ”അങ്ങ് ആരാണ്” എന്ന ചോദ്യത്തിന്റെ ഹേതുവെന്ത്?
പത്താമധ്യായത്തിലെ വിഭൂതികള്‍ കേട്ടപ്പോള്‍, ആ വിഭൂതികളെ കാണാന്‍ ആഗ്രഹിച്ചു എന്നതാണ് വാസ്തവം. ഭഗവാന് അവ മാത്രമല്ല, ദേവ-മനുഷ്യ-മൃഗ-പക്ഷി വൃക്ഷങ്ങളും സൃഷ്ടി സംഹാര കര്‍മ്മങ്ങളേയും കാട്ടിക്കൊടുത്തു. പിന്നീട് ഭൂമി ഭാരം നശിപ്പിക്കാന്‍ വേണ്ടി അവതരിച്ച ഭഗവാന് അസുരാംശ സംഭവന്മാരായ രാജാക്കന്മാരെ വധിച്ച്, ഭഗവത് കര്‍മ്മം ചെയ്തു ഭഗവാനെ സേവിക്കാന്‍ അര്ജ്ജുനന് ഒരു അവസരം കൊടുക്കുകയാണ് ഭാരതയുദ്ധംകൊണ്ട് ഭഗവാന് ഉദ്ദേശിച്ചത്. അര്ജ്ജുനന് യുദ്ധം ചെയ്തില്ലെങ്കില്‍ താന്‍ തന്നെ ഭൂഭാരം നശിപ്പിക്കുന്ന രീതിയാണ് കാട്ടിക്കൊടുത്തത്. തേജോദീപ്തങ്ങളായ രൂപങ്ങളും രാജാക്കന്മാരെ വിഴുങ്ങലും ഉഗ്രരൂപങ്ങളും കണ്ടപ്പോള്‍ അര്ജ്ജുനന് എല്ലാം മറന്നുപോയി. ചോദിക്കുന്നു-അങ്ങ് ആരാണ്?
ഗീതാദര്‍ശനം
ഭാഗവതാചാര്യന്‍ കാനപ്രം കേശവന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: