തിരുവനന്തപുരം: കറിച്ചട്ടിമലയില്‍, ഹൈക്കോടതിവിധി ലംഘിച്ച് അനധികൃതമായി കുരിശ് സ്ഥാപിക്കാന്‍ എത്തിയ സഭാനേതൃത്വത്തിന്റെ മുന്നില്‍ മുട്ടിലിഴഞ്ഞ് സര്‍ക്കാര്‍. സഭാനേതൃത്വം കറിച്ചട്ടിമലയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ അക്രമത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. അവസാനം സഭയുടെ ഭീഷണിക്ക് വഴങ്ങി പ്രവേശനം അനുവദിക്കാമെന്ന് വനം മന്ത്രി അറിയിച്ചു.
നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള പള്ളികളില്‍ നിന്നെത്തിയ ആയിരക്കണക്കിന് പേരാണ് കുരിശുമായി കോടതിവിധി ലംഘിച്ച് ബോണക്കാട് കറിച്ചട്ടിമലയിലേക്കു മാര്‍ച്ചുനടത്തിയത്. മാര്‍ച്ച് വഴിയില്‍ പോലീസ് തടഞ്ഞെങ്കിലും സമരക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് പോലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. ഗത്യന്തരമില്ലാതെ പോലീസ് ലാത്തി വീശി. നിരവധി പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു.
ഇതിനിടെ സമവായശ്രമങ്ങളുമായി വനംവകുപ്പ് രംഗത്തെത്തി. നിയന്ത്രണങ്ങളോടെ കറിച്ചട്ടിമലയിലേക്ക് വിശ്വാസികളെ കടത്തിവിടാമെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. എന്നാല്‍ സഭാ നേതൃത്വത്തിലുള്ള സമരക്കാര്‍ ഇത് തള്ളി. പല സംഘങ്ങളായി ആരാധനയ്ക്കായി കറിച്ചട്ടിമലയിലേക്ക് കയറ്റിവിടാമെന്ന് അറിയിച്ചിട്ടും സഭാനേതൃത്വം അംഗീകരിച്ചില്ല. കറിച്ചട്ടിമലയില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന കുരിശ് ഉള്‍പ്പെടെ എല്ലാ വിശ്വാസികളെയും കയറ്റിവിടണമെന്ന പിടിവാശിയില്‍ നിന്ന് പിന്നോട്ടുപോയില്ല.
സര്‍ക്കാര്‍ മുട്ടുമടക്കുന്നു എന്നു കണ്ടതോടെ സമരം വിതുരയിലേക്കു മാറ്റി. വിതുരയില്‍ സംസ്ഥാനപാത ഉപരോധിച്ച് വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. പോലീസിനെ കല്ലെറിഞ്ഞു. ഇതോടെ വീണ്ടും ലാത്തിചാര്‍ജ് നടന്നു. സമരക്കാര്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി സമരക്കാര്‍ക്ക് പരിക്ക് പറ്റി. പോലീസ് അറസ്റ്റുചെയ്ത സമരക്കാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവര്‍ പോലീസ് സ്റ്റേഷനിലേക്കും മാര്‍ച്ചു നടത്തി. അഗസ്ത്യവനം ജൈവവൈവിധ്യ മേഖല ഉള്‍പ്പെടുന്ന കറിച്ചട്ടിമലയിലേക്ക് പ്രവേശനം അനുദിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ കുറച്ചു പേര്‍ക്ക് വീതം പ്രവേശനം അനുവദിക്കാമെന്ന് പറഞ്ഞ് മന്ത്രി തന്നെ സഭയ്ക്ക് മുന്നില്‍ മുട്ടുമടക്കി.
ബോണക്കാട് പ്രശ്നം വഷളാകാതിരിക്കാന്‍ പോലീസും സഭാ നേതൃത്വവും ശ്രദ്ധിക്കണമെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. കറിച്ചട്ടിമല കൈയേറി കുരിശ് സ്ഥാപിക്കാന്‍ നെയ്യാറ്റിന്‍കര ലത്തീന്‍ അതിരൂപത നടത്തിയ ശ്രമം ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും ഇവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: