തൃശൂര്‍: സ്കൂള്‍ കലോത്സവത്തിന്റെ വരവറിയിച്ച് സ്വര്‍ണക്കപ്പ് വടക്കുംനാഥന്റെ തിരുമുറ്റത്തെത്തി. ജേതാക്കള്‍ക്ക് നല്കുന്ന നൂറ്റിപ്പതിനേഴര പവന്റെ കപ്പിനെ സാംസ്കാരിക നഗരം പ്രൗഢിയോടെ വരവേറ്റു.
കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോട് ജില്ലയില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണക്കപ്പിനെ ജില്ലാ അതിര്‍ത്തിയായ കടവല്ലൂരിലെ അമ്പലം സ്റ്റോപ്പില്‍ മന്ത്രിമാരും ജനപ്രതിനിധികളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം തുറന്ന ജീപ്പില്‍, 58 ബൈക്കുകള്‍ അണിനിരന്ന റാലിയുടെ അകമ്പടിയോടെ നഗരത്തിലേക്ക്. സിഎംഎസ് സ്കൂളിന് മുന്നില്‍ സ്വീകരണം.
തുടര്‍ന്ന് ഘോഷയാത്രയായി സ്വരാജ് റൗണ്ട് ചുറ്റി പ്രധാന വേദിയിലെത്തി. മുത്തുക്കുടകള്‍, ചെണ്ടമേളം, സ്വര്‍ണക്കപ്പിന്റെ ചിത്രമുള്ള പ്ലക്കാര്‍ഡുകള്‍, എന്‍സിസി-സ്കൗട്ട്സ് കേഡറ്റുകള്‍ എന്നിവയും ഘോഷയാത്രയ്ക്ക് അകമ്പടിയായി.
പ്രധാന വേദിയായ ‘നീര്‍മാതള’ത്തിന്റെ കവാടത്തില്‍ മൂന്ന് ഗജവീരന്മാരോടെയായിരുന്നു സ്വീകരണം. തുടര്‍ന്ന് ജനപ്രതിനിധികളും സംഘാടക സമിതി ഭാരവാഹികളും ചേര്‍ന്ന് സ്വര്‍ണക്കപ്പ് വേദിയിലെത്തിച്ചു.
സ്വാഗതസംഘം ചെയര്മാന് കൂടിയായ മന്ത്രി വി.എസ്. സുനില്‍കുമാര്‍, മന്ത്രി എ.സി. മൊയ്തീന് എന്നിവര്‍ ചേര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. സുമതിക്ക് സ്വര്‍ണക്കപ്പ് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: