കേപ്ടൗണ്‍: സ്വന്തം മണ്ണില്‍ വിജയപടവുകള്‍ കയറി ലോകത്തിന്റെ നെറുകയില്‍ എത്തിനില്‍ക്കുന്ന കോഹ്ലിയും കൂട്ടരും വിദേശമണ്ണില്‍ കരുത്തുകാട്ടാന്‍ ഇറങ്ങുന്നു. ഇതുവരെ പരമ്പര നേട്ടം അകന്നുനിന്ന ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയക്കൊടി പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ലോക ഒന്നാം നമ്പറായ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ന്യൂലന്ഡ്സില് ആരംഭിക്കും.
ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം നമ്പറാണെങ്കിലും ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു പരമ്പരജയം നേടാനായിട്ടില്ല. തുടര്‍ച്ചയായി ഒമ്പത് പരമ്പരവിജയങ്ങള്‍ കരസ്ഥമാക്കി മികവിന്റെ നെറുകയില്‍ നില്ക്കുന്ന ഇന്ത്യ ഇവിടെ പുത്തന്‍ ചരിത്രം കുറിക്കുമെന്നാണ് പ്രതീക്ഷ.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ മികവ് ആവര്‍ത്തിക്കുന്ന കോഹ്ലിയുടെ ഇന്ത്യന്‍ ടീം അതിശക്തമാണ്. ദക്ഷിണാഫ്രിക്കയിലെ വേഗമാര്‍ന്ന പിച്ചുകളില്‍ പിടിച്ചുനില്ക്കാന് കഴിവുളള ആറോളം ബാറ്റ്സ്മാന്മാര് ടീമിലുണ്ട്. മുന്നില്‍ നിന്ന് പടനയിക്കുന്ന നായകന് കോഹ്ലി തന്നെയാണ് ബാറ്റിങ്ങിലെ ശക്തി. ശിഖര്‍ ധവാന്, മുരളി വിജയ്, രോഹിത്, രഹാനെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ചേരുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബാറ്ററിക്ക് അടികിട്ടും.
ന്യൂലന്ഡിസിലെ ഗ്രീന്‍ ടോപ്പ് പിച്ചില്‍ വേഗത്തില്‍ പന്തെറിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങ് നിരയുടെ നടുവൊടിക്കാന്‍
കെല്‍പ്പുള്ള ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ എന്നിവരാണ് ഇന്ത്യന്‍ പേസ് നിരയെ നയിക്കുന്നത്. സ്പിന്നറായി മിക്കവാറും അശ്വിന് കളിച്ചേക്കും.
ദക്ഷിണാഫ്രിക്ക ശക്തമായ ടീം തന്നെയാണ്. സ്വന്തം നാട്ടിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാണ്. ന്യൂലന്ഡ്സില് അവര്‍ കളിച്ച 56 ടെസ്റ്റുകളില്‍ 23 ലും അവര്‍ വിജയം വരിച്ചു. ഇരുപത് മത്സരങ്ങളില്‍ തോറ്റു. പതിനൊന്നെണ്ണം സമനിലയായി. ബൗണ്‍സുള്ള നാട്ടിലെ പിച്ചില്‍ അപകടം വിതറാനാകുന്നവരാണ് അവരുടെ ബൗളര്‍മാര്‍. മോണ്‍ മോര്‍ക്കലും കഗിസോ റബഡയും വെര്‍നോണ്‍ ഫിലാന്‍ഡറുമാണ് അവരുടെ പേസ്് ശക്തികള്‍.
ഏറെക്കാലത്തിനുശേഷം തിരിച്ചുവരുന്ന ഡെയില്‍ സ്റ്റെയിന് അവസാന ഇലവനില്‍ സ്ഥാനം കിട്ടാന്‍ സാധ്യതയില്ല.ബാറ്റില്‍ നായകന് ഫാ ഡു പ്ലെസിസ് തന്നെയാണ് ശക്തികേന്ദ്രം. വിക്കറ്റ് കീപ്പറായ എബി ഡിവില്ലിയേഴ്സ് , ഓള് റൗണ്ടര്‍ ക്രിസ് മോറിസ് എന്നിവര്‍ നായകന് കരുത്തേകും.
നാട്ടിലെ പുലികളാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയില്‍ ഈ പുലികള്‍ എന്തുചെയ്യുമെന്ന് കണ്ടറിയണം. തികച്ചും വ്യത്യസ്ഥമായ പന്തുകൊണ്ടുള്ള കളിയാണ് ഇവിടെ നടക്കുക. അവര്‍ ആദ്യ ടെസ്റ്റ് പാസാകുമോയെന്ന് കാത്തിരിക്കാമെന്ന്് ദക്ഷിണാഫ്രിക്കയുടെ പേസര്‍ വെര്‍നോന്‍ ഫിലാന്‍ഡര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: