മാനന്തവാടി: മതിയായ ബസുകള്‍ ഇല്ലാതെ സര്‍വീസുകള്‍ മുടങ്ങി നില്‍ക്കുമ്പോഴും മാനന്തവാടി കെഎസ്ആര്‍ടിസിക്ക് മികവിന്റെ തിളക്കം. വരുമാന വര്‍ധനവില്‍ ഒന്നാമതായി മാനന്തവാടി കെഎസ്ആര്‍ടിസി. കഴിഞ്ഞ ഡിസംബസര് 29, 30, 31 തീയതികളിലാണ് കോഴിക്കോട് സോണലിന് കീഴിലെ ഡിപ്പോകളില്‍ മാനന്തവാടി മുന്നിലെത്തിയത്. കോഴിക്കോട് സോണിന്റെ കീഴില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി 13 ഡിപ്പോകളാണ് ഉള്ളത്.
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വരുമാനത്തിന്റെ കാര്യത്തില്‍ പതിമൂന്നാം സ്ഥാനത്തായിരുന്നു മാനന്തവാടി. പിന്നിട് ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി അഞ്ചാംസ്ഥാനത്തേക്ക് എത്തി. 1095355 രൂപയാണ് മാനന്തവാടി ഡിപ്പോയുടെ ഡിസംബര്‍ 31 ലെ വരുമാനം. മുമ്പുള്ള ദിവസങ്ങളിലും മാനന്തവാടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മാനന്തവാടി ഡിപ്പോയില്‍ നിന്നും 91 സര്‍വീസുകളാണ് നടത്തുന്നത്. ഇതില്‍ 66 എണ്ണം ഓര്‍ഡിനറി സര്‍വീസുകളാണ്. കോട്ടയം, പത്തനംതിട്ട, കുമിളി, തിരുവനന്തപുരം, മൈസൂര്‍ എന്നിവിടങ്ങളിലേക്കാണ് ദിവസവും ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരത്തേക്ക് ഇവ കൂടാതെ മിന്നല്‍ സര്‍വീസും വീക്കെന്‍ഡ് സര്‍വീസും നടത്തുന്നു. 66 ഓര്‍ഡിനറി സര്‍വീസിന് 66 ബസുകളാണ് നിലവിലുള്ളത്. കുറച്ച് ബസുകള്‍ കേടുപാടുകള്‍ കാരണം ഓടിക്കാന്‍ കഴിയില്ല. 91 സര്‍വീസുകള്‍ നടത്തേണ്ട സ്ഥാനത്ത് നിലവില്‍ 81 സര്‍വീസുകള്‍ നടത്തുന്നുണ്ട്. അധികവരുമാനം ലഭിക്കേണ്ട പത്ത് സര്‍വീസുകള്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുകയാണ്. കൂടാതെ 34 കണ്ടക്ടര്‍മാരുടെ കുറവും ഡിപ്പോയിലുണ്ട്.
മാനന്തവാടി, ബത്തേരി ഡിപ്പോകളുടെ അഭിമാനമായി തുടങ്ങിയ മാനന്തവാടി – ബത്തേരി സര്‍വ്വീസുകള്‍ നഷ്ടത്തിലാണ്. പ്രാദേശികമായി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയമിക്കാത്തതാണ് ഇതിന് കാരണമെന്ന് മാനന്തവാടി എടിഒ സുനില്‍കുമാര്‍ പറയുന്നു. വൈകാതെ ഇതിനുള്ള നടപടി സ്വീകരിക്കും. അതോടെ ഈ സര്‍വ്വീസുകളും ലാഭത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി ബസ്സുകള്‍ സര്‍വ്വീസ് നടത്താന്‍ വേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജീവനക്കാരും കഠിന പ്രയ്തനത്തിലാണ്. താഴെയങ്ങായിലുള്ള ബസ് സ്റ്റാന്റ് പാര്‍ക്കിംഗ് കോണ്‍ക്രീറ്റ് ചെയ്യാനുള്ള നടപടികളും പുരോഗമിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: