കുന്നത്തൂര്‍: ഇടതുവലത് രാഷ്ട്രീയ വടംവലിയാല് ശ്രദ്ധേയമായ കുന്നത്തൂര്‍ പഞ്ചായത്ത് വീണ്ടും ഭരണസ്തംഭനത്തിലേക്ക്.
പഞ്ചായത്തിലെ രണ്ട് സിപിഐ അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കി. കൂറുമാറ്റ നിരോധനനിയമം അനുസരിച്ചാണ് അയോഗ്യത കല്‍പ്പിച്ചത്. എട്ടാം വാര്‍ഡ് മെമ്പര്‍ പി.എസ്.രാജശേഖരന്‍പിള്ള, പഞ്ചായത്ത് വൈസ്പ്രസിഡന്റും പത്താംവാര്‍ഡ് മെമ്പറുമായ സതി ഉദയകുമാര്‍ എന്നിവരാണ് അയോഗ്യരാക്കപ്പെട്ടത്. സിപിഎം അംഗങ്ങളായ ആര്.രവീന്ദ്രന്,ബീനാ സജീവ് എന്നിവരാണ് കമ്മീഷനെ സമീപിച്ചത്.
കോണ്‍ഗ്രസ് ‘രണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ദിവസം സിപിഐ അംഗങ്ങളായ രണ്ട് അംഗങ്ങളും വിട്ട് നിന്നിരുന്നു. അവിശ്വാസം നടക്കുന്ന വേളയില്‍ രോഗബാധിതരായ ഇരുവരും കൊല്ലത്തും തിരുവനന്തപുരത്തുമായി ചികിത്സിയില്‍ കഴിയുകയായിരുന്നുവെന്നാണ് അവര്‍ നല്കിയ വിശദീകരണം. വിപ്പ് നല്‍കിയിരുന്നെങ്കിലും സിപിഐ നേതൃത്വം വിപ്പ് ലംഘനത്തിന് പരാതി കൊടുത്തിട്ടുമില്ല.
ആറുമാസത്തെ എല്‍ഡിഎഫ് ഭരണത്തിനു ശേഷം സിപിഎമ്മിന്റെ കുത്തക പഞ്ചായത്തായിരുന്ന കുന്നത്തൂരില്‍ ഇപ്പോള്‍ ഭരണം നടത്തുന്നത് കോണ്‍ഗ്രസ് ആണ്. പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഉടലെടുത്ത പ്രശ്നങ്ങളാണ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്.
17 വാര്‍ഡുകളുള്ള കുന്നത്തൂരില്‍ കോണ്‍ഗ്രസ്- ഏഴ്, എല്‍ഡിഎഫ്- ഏഴ്,ബിജെപി- ഒന്ന്, സ്വതന്ത്രര്‍- രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രരായി മത്സരിച്ച് ജയിച്ചവര്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെയാണ് അവര്‍ക്ക് ഭരണം ലഭിച്ചത്. ഇവര്‍ പിന്നീട് സിപിഎമ്മില്‍ ചേരുകയും ചെയ്തു. ഇതില്‍ ഒരംഗത്തെ പ്രസിഡന്റാക്കാനുള്ള നീക്കത്തെ സിപിഐ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന രവീന്ദ്രനെ രാജിവയ്പിച്ച ശേഷം സ്വതന്ത്രനെ പ്രസിഡന്റാക്കാന്‍ സിപിഎം നടത്തിയ നീക്കങ്ങള്‍ക്ക് സിപിഐ തടയിട്ടു. തുടര്‍ന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നറുക്ക് വീഴുകയായിരുന്നു. പിന്നീട് സിപിഎം അവിശ്വാസം കൊണ്ടുവന്നെങ്കില്‍ രണ്ട് സിപിഐ അംഗങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയം പരാജയപ്പെടുകയും കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുകയും ചെയ്തു.
നടപടിയെ നിയമപരമായി നേരിടാനാണ് അയോഗ്യരാക്കപ്പെട്ട അംഗങ്ങളുടെ തീരുമാനം. കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്കുണ്ടെന്നാണ് സൂചന. ബിജെപിയുടെ ഒരു പഞ്ചായത്തംഗത്തിന്റെ നിലപാടാകും ത്രിശങ്കുവിലായ പഞ്ചായത്തിന്റെ ഭാവി നിര്‍ണയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: