വിഴിഞ്ഞം: ഓഖി വിതച്ച ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരവിതരണവേദി കണ്ണീര് കടലായി. ഭൂരിഭാഗവും ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില്ലെന്ന് തെളിഞ്ഞു.
ദുഃഖം തളംകെട്ടിനിന്ന വേദിയിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രിയില്‍ നിന്ന് സഹായം ഏറ്റുവാങ്ങിയ വിഴിഞ്ഞം സ്വദേശിനി പുഷ്പറാണി ഭര്‍ത്താവ് സൈറസിന്റെ ജീവന്റെ വിലയാണ് കയ്യില്‍ കിട്ടിയതെന്ന തിരിച്ചറിവില്‍ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു. മക്കളായ സ്റ്റെബിന, സോന സൈറസ്, സ്റ്റെജിസ്, സൈറസിന്റെ അമ്മ സെലിന് എന്നിവര്‍ക്കൊപ്പം എത്തിയ പുഷ്പറാണി ധനസഹായം കൈപ്പറ്റാന്‍ മൈക്കിലൂടെ അറിയിപ്പെത്തിയതോടെ സദസിലിരുന്ന് തേങ്ങി. വേദിയില്‍ കയറി ചെക്ക് വാങ്ങിയതോടെ ഇവര്‍ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു. പണിതീരാത്ത വീട്ടില്‍ പറക്കമുറ്റാത്ത കുട്ടികളുമായുള്ള ഒറ്റപ്പെട്ട ജീവിതമെന്നചിന്ത ഇവരുടെ ദുഃഖം ഇരട്ടിപ്പിച്ചു.
കാറ്റും കടലും കവര്‍ന്നെടുത്ത ജീവനുകള്‍ക്കുള്ള നഷ്ടപരിഹാരവിതരണവേദിയായ വിഴിഞ്ഞത്തെ അശ്വതി ആഡിറ്റോറിയമാണ് വികാരഭരിതമായ രംഗങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത്. പൊഴിയൂര്‍ മുതല്‍ പൂന്തുറ വരെയുള്ള തീരത്തെ ഇരുപത്തിയഞ്ചു കുടുംബങ്ങളാണ് നഷ്ടപരിഹാരം ഏറ്റുവാങ്ങിയത്. കുഞ്ഞുമക്കളായ ഷൈജിന്‍, ഷാലിമ, ഷാരുണ്‍ എന്നിവര്‍ക്കൊപ്പം പൂന്തുറയില്‍നിന്നെത്തിയ പള്ളിവിളാകം വീട്ടില്‍ സെല്‍വിയുടെ നിലവിളി കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. വേദിയില്‍ മടങ്ങിയെത്തിയിട്ടും കരച്ചിലടക്കാനാകാതെ മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞ അമ്മയെ കുഞ്ഞുമക്കള്‍ ആശ്വസിപ്പിക്കുന്ന കാഴ്ചയും ഏറെ നൊമ്പരമുളവാക്കി. നഷ്ടപരിഹാരം ഏറ്റുവാങ്ങവെ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞവരെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ അതിഥികളും കാഴ്ചക്കാരായി. മുഖ്യമന്ത്രിയുടെയും അധ്യക്ഷനായിരുന്ന റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെയും ഹ്രസ്വമായ പ്രസംഗത്തിന് ശേഷമാണ് കേരള സര്‍ക്കാരിന്റെ വകയായ ഇരുപത് ലക്ഷത്തിന്റെയും പ്രധാനമന്ത്രിയുടെ നാഷണല്‍ റിലീഫ് ഫണ്ടില്‍ നിന്നുള്ള രണ്ടുലക്ഷത്തിന്റെ ചെക്കുകളുടെ കൈമാറ്റം ആരംഭിച്ചത്. നിലവിളികള്‍ക്കും തേങ്ങലുകള്‍ക്കുമിടയില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പ്രസംഗത്തോടെ ദുഃഖസാന്ദ്രമായ അന്തരീക്ഷത്തില്‍ ചടങ്ങ് അവസാനിപ്പിച്ച് പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: