ചെന്നൈ: തമിഴ്നാട്ടില്‍ ഒരു രാഷ്ട്രീയ വിപ്ലവം അനിവാര്യമാണെന്നും അത് ലക്ഷ്യമിട്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതെന്നും തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത്. ഒരു അനൗദ്യോഗിക ചടങ്ങിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട് നിരവധി പോരാട്ടത്തിന് തുടക്കം കുറിച്ച മണ്ണാണ്. അത് രാജ്യത്തിന്റെ സ്വാതന്ത്യം മുതല്‍ തുടങ്ങുന്നു. ഒരിക്കല്‍ കൂടി സംസ്ഥാനത്ത് അത്തരത്തിലൊരു സന്ദര്‍ഭം വന്നിരിക്കുകയാണ് ഇപ്പോള്‍ ഒരു രാഷ്ട്രീയ വിപ്ലവം അവശ്യമായി വന്നിരിക്കുകയാണെന്ന് രജനി പറഞ്ഞു.
താന്‍ മാധ്യമങ്ങളില്‍ സ്ഥിരം വരുന്നയാളല്ല, രാഷ്ട്രീയത്തിലും പുതുമുഖമാണ്. ഞാനെന്തു പറഞ്ഞാലും വിവാദമാകുമെന്നും അതുകൊണ്ടാണ് വരാത്തതെന്നും രജനി മാധ്യമങ്ങളോട് പറഞ്ഞു.
വാര്ത്താസമ്മേളനമായല്ല നന്ദി അറിയിക്കുന്നതിനായി രജനികാന്ത് കാണാനാഗ്രഹിക്കുന്നു എന്ന സന്ദേശമാണ് പിആര്‍ഒ അയച്ചിരുന്നത്. വരുന്നവര്‍ക്ക് രജനിക്കൊപ്പം ചിത്രം എടുക്കുന്നതിനും സൗകര്യമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പിന്തുണ അഭ്യര്‍ത്ഥിച്ചു.
രജനിമണ്ട്രം ഡോട്ട് ഒആര്‍ജി എന്ന പേരില്‍ രൂപീകരിച്ച വെബ്സൈറ്റില്‍ ഉള്ള സംഘടനയുടെ ലോഗോ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. പാര്‍ട്ടിയെക്കുറിച്ച് കൃത്യമായ രൂപരേഖയും, എങ്ങനെ മുന്നോട്ടുപോകണമെന്ന പദ്ധതിയും രൂപീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാര്‍ത്താസമ്മേളനത്തിനായി വരാമെന്നും അദ്ദേഹം ഉറപ്പ് നല്കി.
അതേസമയം, രണ്ടാഴ്ചയ്ക്കുള്ളില്‍ അമേരിക്കയില്‍ നിന്നെത്തുന്ന നടന് കമല്‍ഹാസന്റെ അടുത്ത നീക്കമെന്തെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: