വര്‍ക്കല: 85-ാമത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് ഗുരു അരുളി ചെയ്ത അഷ്ടലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഇൗശ്വരഭക്തി, അരോഗ്യം, സംഘടന, കൃഷി, കൈതൊഴില്‍, ശാസ്ത്ര സാങ്കേതികവിദ്യാഭ്യാസം എന്നിവയെ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ കേന്ദ്രതൊഴില്‍ വകുപ്പും ശിവഗിരി മഠവും സംയുക്തമായി നേതൃത്വം നല്കിയ തൊഴില്‍ മേളയില്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. മേളയുടെ ഉദ്ഘാടനം ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിര്‍വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, കേന്ദ്ര തൊഴില്‍ മന്ത്രാലയ എംപ്ലോയ്‌മെന്റ് ഓഫീസര്‍ രാമചന്ദ്രന്‍, വി. ജോയി എംഎല്‍എ, സുരേഷ്‌കുമാര്‍, ഡോ എം. ജയരാജ്, ബിജെപി സംസ്ഥാനകമ്മിറ്റി അംഗം ഇലകമണ്‍ സതീശന്‍, എസ്എന്‍ഡിപി ശിവഗിരി യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം എന്നിവര്‍ സംസാരിച്ചു. മേളയില്‍ 41 കമ്പനികളിലായി 34,000 ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തു. 3019 പേര്‍ക്ക് ജോലി ലഭിച്ചു.
















