വര്‍ക്കല: അറിവിന്റെ തീര്‍ഥാടനമായ ശ്രീനാരായണഗുരുദേവന്റെ സമാധിസ്ഥലമായ ശിവഗിരിയിലേക്ക് പഞ്ചശുദ്ധി വ്രതത്തോടെ പീതാംബരധാരികളായ ഭക്തലക്ഷങ്ങള്‍ എത്തിത്തുടങ്ങി. ഔദ്യോഗികമായി തീര്‍ഥാടനം ഇന്നാണ് ആരംഭിക്കുന്നതെങ്കിലും ഒരാഴ്‌ച്ചക്കാലമായി ദിവസവും സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ശിവഗിരി കുന്നുകളിലേക്ക് ഒഴുകിയെത്തി കൊണ്ടിരിക്കുന്നത്.
ശിവഗിരിയും പരിസരപ്രദേശങ്ങളിലെ വീഥിക്കിരുവശവും തീര്‍ഥാടകരുടെ വാഹനങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണ്. ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ് ശിവഗിരി പരിസം. സമ്മേളനങ്ങളുടെ നടത്തിപ്പിനായി വിശാലമായ പന്തല്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, പോലീസ്, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സേവനവും കാര്യക്ഷമമാണ്. ശിവഗിരിയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വര്‍ക്കല പ്രദേശത്തെ സര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങളിലും ഗുരുദേവഭക്തരുടെ ഭവനങ്ങളിലും ലോഡ്ജുകളിലും ഏര്‍പ്പെടുത്തി. തീര്‍ഥാടനദിവസങ്ങളില്‍ മുഴുവന്‍സമയവും ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗം, അഞ്ചുതെങ്ങ് ഡോ എം.പി. വേലു മെമ്മോറിയല്‍ ഹോമിയോ ചികിത്സാകേന്ദ്രം, ഗവ: അലോപ്പതി, ആയുര്‍വേദം, പ്രകൃതിചികിത്സ എന്നിവയുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ശാരദാപുഷ്പാഞ്ജലി എന്നീ വഴിപാടുകള്‍ക്ക് പ്രത്യേകകൗണ്ടര്‍ ഏര്‍പ്പെടുത്തി. പ്രസാദമായ ഭക്ഷണം ഗുരുപൂജ നടത്തിയ എല്ലാ ഭക്തജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനായി ബൊഫേ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















