തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോടില്‍ സിപിഎം വഞ്ചിയൂര്‍ ഏര്യാ കമ്മറ്റിയംഗത്തിനെ വെട്ടിയ സംഭവത്തില്‍ മൂന്ന് പാര്‍ട്ടി ഗുണ്ടകള്‍ പിടിയിലായതായി സൂചന. വെട്ടേറ്റ എസ്.എല്‍. സാജുവിന്റെ വീട്ടില്‍ ബോംബെറിഞ്ഞ ഇടവക്കോട് രോഹിണിയില്‍ അഭിലാഷിന്റെ കൂട്ടാളികളായ അയിരൂര്‍പ്പാറ സ്വദേശി കുട്ടന്‍, പ്രസാദ് എന്നിവരും ഇവരുടെ സുഹൃത്തായ മറ്റൊരാളുമാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവവുമായി ബന്ധപ്പെട്ട മറ്റ് പ്രതികള്‍ പിടിയിലാകുമെന്ന് പോലീസ് കരുതുന്നു.
ബുധനാഴ്ച രാത്രിയിലാണ് സാജുവിന് വെട്ടേറ്റത്. ഒന്‍പത് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതായി പറയുന്നത്. ഇവര്‍ ആരാണെന്നുളള മറ നീക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ മൂന്നുപേരെയും സംശയമെന്ന നിലയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുളളത്. പ്രത്യക്ഷമായി പാര്‍ട്ടി പ്രവര്‍ത്തനം ഇവര്‍ക്കില്ല. എന്നാല്‍ പാര്‍ട്ടിയുടെ ഗുണ്ടകളായിട്ടാണ് അഭിലാഷും സംഘവും പ്രവര്‍ത്തിക്കുന്നത്. മിക്ക ക്രിമിനല്‍ കേസുകളിലും പാര്‍ട്ടിയാണ് ഇവരെ രക്ഷിക്കുന്നത്. അക്രമങ്ങളില്‍ പാര്‍ട്ടി സാന്നിധ്യം മറയ്‌ക്കാന്‍ ഇവരെയാണ് ഉപയോഗിക്കുന്നത്. ബോംബേറ് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് അഭിലാഷ് പുറത്തിറങ്ങിയത്. ഇയാളുടെ പങ്ക് പ്രദേശവാസികള്‍ ഉന്നയിച്ചെങ്കിലും അഭിലാഷ് പിടിയിലായിട്ടില്ല.
ഈ സാഹചര്യത്തില്‍ സാജുവനെതിരെയുളള വധശ്രമം കുടുതല്‍ ദുരൂഹതകളിലേക്ക് മാറുകയാണ്. വഞ്ചിയൂര്‍ ഏര്യാ കമ്മറ്റി പ്രതിനിധി സമ്മേളനത്തില്‍ കടകംപളളി സര്‍വീസ് സഹകരണ ബാങ്ക് മാനേജരായിരുന്ന ജയശങ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. പേട്ട ലോക്കല്‍ കമ്മറ്റി സെക്രട്ടറി രാമചന്ദ്രനാണ് ജയശങ്കറിന്റെ മരണം കൊലപാതകമെന്ന നിലയില്‍ മന്ത്രിക്കും ദീപക്കിനുമെതിരെ ആരോപണമുന്നയിച്ചത്. ഇതി െഅനുകൂലിക്കുന്ന നിലപാടായിരുന്നു സാജുവിന്റേത്. എന്നാല്‍ രാമചന്ദ്രന്‍ ആരോപണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറിയതോടെ സാജു ഒറ്റപ്പെടുകയായിരുന്നെന്ന് പറയപ്പെടുന്നു.
















