വെള്ളറട: ഭാര്യയുംകുഞ്ഞും അടങ്ങുന്ന കുടുംബത്തെ പോറ്റാനും ഒരു നേരത്തെ അന്നം സമ്പാദിക്കാനുമായി യുവാവ് വീല്‍ചെയറില്‍ ലോട്ടറി വില്‍ക്കുന്നു. തെങ്ങില്‍ നിന്നുവീണ് നട്ടെല്ലു തകര്‍ന്ന തെങ്ങുകയറ്റ തൊഴിലാളി അജീഷാണ് വീല്‍ചെയറില്‍ ലോട്ടറിയുമായി തെരുവുതോറും അലയുന്നത്.
2011 ലാണ് തെങ്ങില്‍ നിന്നുവീണ് ധനുവച്ചപുരം എയ്തു കൊണ്ടാന്‍കാണി മഠത്തുവിളാകം പുത്തന്‍വീട്ടില്‍ അജീഷി (31)ന്റെ നട്ടെല്ല് തകര്‍ന്നത്. ചികിത്സയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍കോളേജിലും നാഗര്‍കോവിലുമായി നാല് ഓപ്പറേഷനുകള്‍ നടന്നു. അതിന് ചെലവായത് ഏതാണ്ട് പതിനേഴ് ലക്ഷം രൂപ. ഇനിയും രണ്ട് ഓപ്പറേഷനുകള്‍കൂടി ചെയ്യണം. അതിന്റെ ചെലവ് അഞ്ചുലക്ഷത്തോളം രൂപവരും. പരസഹായം കൂടാതെ ഒന്നുതന്നെ ചെയ്യാന്‍ അജീഷിന് സാധിക്കില്ല. ആറ് വര്‍ഷമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ ശരീരം ഏറെക്കുറെ തളര്‍ന്ന അവസ്ഥയിലാണ്.
ഭീമമായ ചികിത്സാചെലവും കടബാധ്യതയും കാരണം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ് അജീഷും ഭാര്യയും ഒരു മകനും അടങ്ങുന്ന കുടുംബംയ ചികിത്സ നടത്തിയ ഇനത്തില്‍ ലക്ഷങ്ങളുടെ കടബാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഒരുനേരത്തെ അന്നത്തിനും മകന്റെ പഠിപ്പിനും വേണ്ടി അജീഷ് വീല്‍ചെയറില്‍ ലേട്ടറികച്ചവടം നടത്താനാരംഭിച്ചത്. ഏതു നിമിഷവും നിലംപൊത്താമെന്ന നിലയിലാണ് ഇവരുടെ വീട്. മകന് ഏഴുവയസ് മൂന്നാം ക്ലാസില്‍ പഠിക്കേണ്ട മകനെ സാമ്പത്തിക പ്രശ്‌നം കാരണം ഇപ്പോള്‍ ഒന്നാം ക്ലസില്‍ ചേര്‍ത്തതേയുള്ളു. നട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സയ്‌ക്കു ചെലവായ തുകയുടെ അല്‍പ്പമെങ്കിലും കണ്ടെത്തിയത്. തുടര്‍ ചികിത്സയ്‌ക്ക് സുമനസ്സുകളുടെ സഹായം തേടുകയാണ് നിര്‍ധനയുവാവ്. അക്കൗണ്ട് നമ്പര്‍: 67301470604 (എസ്ബിടി ബാങ്ക് പാറശാലാ) ഐഎഫ്എസ്‌സി കോഡ്: എസ്ബിടി ആര്‍ 0000037. അജീഷിനെ ബന്ധപ്പെടാനുള്ള നമ്പര്‍ : 9946528814.
















