പത്തനംതിട്ട: ശബരിമലയില്‍ എത്തിയ ഭൂരിപക്ഷം തീര്‍ത്ഥാടകര്‍ക്കും അന്നം നല്‍കാന്‍ ദേവസ്വംബോര്‍ഡിന് കഴിഞ്ഞില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല ഉത്സവകാലത്ത് പമ്പയിലും സന്നിധാനത്തുമായി 14.19 ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കിയെന്നാണ് ഔദ്യോഗിക കണക്ക്. പമ്പയിലെ അന്നദാന മണ്ഡപത്തില്‍ 5,08,149 പേരും സന്നിധാനത്ത് 9,11,238 പേരും ഭക്ഷണം കഴിച്ചതായി കണക്കില്‍ പറയുന്നു.
എന്നാല്‍ ദേവസ്വംബോര്‍ഡിന്റെ കണക്ക് അനുസരിച്ച് പമ്പയിലും സന്നിധാനത്തുമായി മുപ്പത്തി അയ്യായിരം പേര്‍ക്കുപോലും പ്രതിദിനം ഭക്ഷണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിദിനം ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയില്‍ എത്തുന്നത്.
അന്നദാനം ലഭിക്കാതിരുന്ന ഭക്തര്‍ ഭക്ഷണത്തിനായി ഹോട്ടലുകളെയാണ് ആശ്രയിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് പല ഹോട്ടലുകളിലും ഈടാക്കുന്നത്. ഭക്തരില്‍ നിന്നും അമിത വില വാങ്ങിയതിന് കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പതിനായിരങ്ങള്‍ പിഴ ഈടാക്കി. സന്നിധാനത്ത് ഭക്തര്‍ ചൂഷണം ചെയ്യപ്പെട്ടു എന്നതിനുള്ള തെളിവാണ് ഈ പിഴയെന്ന് തീര്‍ത്ഥാടകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.
സന്നിധാനത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്നദാനമണ്ഡപത്തില്‍ നാനൂറോളം പേര്‍ നാലു ഷിഫ്റ്റുകളിലായി സേവനത്തിനുണ്ടായിരുന്നു. രാവിലെ ആറു മുതല്‍ 10.30 വരെ പ്രഭാതഭക്ഷണത്തിന് ഉപ്പുമാവും കടലക്കറിയും ചുക്കുകാപ്പിയുമാണ് നല്‍കിയത്. 11 മുതല്‍ വൈകിട്ട് നാലുവരെ ഊണ് നല്‍കി. വൈകിട്ട് ഏഴുമുതല്‍ രാത്രി 11.15 വരെ കഞ്ഞിയും ചെറുപയറും അച്ചാറുമടങ്ങുന്ന അത്താഴം. രാത്രി 12 മുതല്‍ വെളുപ്പിന് 5.15 വരെ ഉപ്പുമാവും ഉള്ളിക്കറിയും ചുക്കുകാപ്പിയും നല്‍കിയതായാണ് ഔദ്യോഗിക വിശദീകരണം.
















