ന്യൂദല്‍ഹി: മൂന്നാറിലെ നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിന്റെ വിസ്തൃതിയില്‍ കുറവു വരുത്താന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. ദേശീയോദ്യാനത്തിന്റെ വിസ്തൃതി കുറയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കേന്ദ്രവനം-പരിസ്ഥിതി സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മ ലോക്‌സഭയില്‍ വ്യക്തമാക്കി.
1972ലെ വനസംരക്ഷണ നിയമത്തിലെ 26എ പ്രകാരം ദേശീയോദ്യാനത്തിന്റെ വിസ്തൃതിമാറ്റം സാധ്യമല്ലെന്ന് ഡോ. മഹേഷ് ശര്‍മ്മ പറഞ്ഞു. ദേശീയ വന്യജീവിബോര്‍ഡിന്റെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രം സംസ്ഥാന സര്‍ക്കാരിന് ഇതുസംബന്ധിച്ച നടപടികള്‍ ചെയ്യാന്‍ സാധിക്കൂ എന്നും കേന്ദ്രമന്ത്രി അറിയിച്ചു. കുറിഞ്ഞി ഉദ്യാനത്തിനെതിരായ നീക്കം സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പരാതി കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
















