കൊച്ചി: കേരള കോണ്‍ഗ്രസ് ബി എന്‍സിപിയിലേക്കെന്ന് സൂചന. ഇതുവഴി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ എത്തിക്കാനാണ് നീക്കം. നാളെ ചേരുന്ന എന്‍സിപിയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ലയനകാര്യം എന്‍സിപി ചര്‍ച്ച ചെയ്യുമെന്ന് ടി.പി പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. ജനുവരി എട്ടിന് കണ്ണൂരില്‍ കേരള കോണ്‍ഗ്രസ് ബിയുടെ യോഗവും ചേരുന്നുണ്ട്. ഇതില്‍ എന്‍സിപിയുമായുള്ള സഹകരണകാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകും.
എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി പിള്ള ഉടന്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തും. കൂടിക്കാഴ്ചയ്‌ക്കുള്ള അനുമതി പിള്ള വാങ്ങിയിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ ടിപി പീതാംബരന്‍, എകെ ശശീന്ദ്രന്‍ എന്നിവരും പങ്കെടുക്കും. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍, എകെ ശശീന്ദ്രന്‍ എന്നിവരുമായി പിള്ള ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ പാര്‍ട്ടിയുടെ എംഎല്‍എമാരായ എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും ഈ നീക്കത്തോട് യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ എന്‍സിപിക്ക് രണ്ട് എംഎല്‍എമാരുണ്ടെങ്കിലും മന്ത്രിമാരില്ല. എല്‍ഡിഎഫ് മന്ത്രിസഭയില്‍ നിന്ന് ആദ്യം എകെ ശശീന്ദ്രനും അടുത്തിടെ തോമസ് ചാണ്ടിയും രാജിവച്ചിരുന്നു. ഈ ഒഴിവില്‍ പാര്‍ട്ടിയുടെ ഏക അംഗവും മകനുമായ ഗണേഷ് കുമാര്‍ എംഎല്‍എയെ മന്ത്രിയാക്കാനുള്ള ശ്രമമാണ് പിള്ളയുടെ നീക്കത്തിന് പിന്നില്‍.
എന്നാല്‍ ലയന വാര്‍ത്ത ആര്‍.ബലകൃഷ്ണപിള്ള നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് അദ്ദേഹം പറഞ്ഞു.
















