പ്രദീപ് കളത്തില്‍
നെയ്യാറ്റിന്‍കര: വാട്ടര്‍ അതോറിറ്റിക്ക് ലക്ഷങ്ങള്‍ കുടിശ്ശിക വന്നതോടെ നെയ്യാറ്റിന്‍കര നഗരസഭയുടെ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകള്‍ അടച്ചുപൂട്ടി. എല്‍ഡിഎഫ് ഭരണത്തിലുള്ള നെയ്യാറ്റിന്‍കര നഗരസഭയാണ് വാട്ടര്‍ അതോറിറ്റിക്ക് ലക്ഷങ്ങള്‍ കുടിശ്ശിക നല്‍കാനുള്ളത്. വാട്ടര്‍ അതോറിറ്റി അധികൃതര്‍ നിരവധി തവണ രേഖാമൂലവും നേരിട്ടും കുടിശ്ശിക തീര്‍ക്കണമെന്ന് അറിയിച്ചിരുന്നു. അടയ്‌ക്കാതെ വന്നതോടെ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകളിലെ വെള്ളത്തിന്റെ കണക്ഷന്‍ വിച്ഛേദിച്ചു. വെള്ളമില്ലാതെ ദുര്‍ഗന്ധം പരന്നതോടെ നഗരസഭ കംഫര്‍ട്ട് സ്റ്റേഷനുകള്‍പൂട്ടി.
നെയ്യാറ്റിന്‍കര ജംഗ്ഷനിലെ 983 നമ്പരിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ നല്‍കാനുള്ള കുടിശ്ശിക 95,334 രൂപയാണ്. 3635 എന്ന നമ്പരില്‍ 27,384 രൂപയും, 6065 എന്നതിന് 17,446 ഉം ബസ്സ്റ്റാന്റിനുള്ളിലെ ഇ ടോയ്‌ലറ്റ് 9751 ഉം ആണ് കുടിശ്ശിക തുക. കൂടാതെ നഗരസഭയുടെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ 5,8672 രൂപയും 5570 നമ്പരിലുള്ള കൊടങ്ങാവിള മുന്‍സിപ്പല്‍മാര്‍ക്കറ്റ് 62,375 ഉം, സ്വദേശാഭിമാനി പാര്‍ക്ക് 714 നമ്പര്‍ 90,529 ഉം അക്ഷയകോംപ്ലക്‌സ് 6,31,381 ഉം മറ്റ് വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പടെ എഴുപത് ലക്ഷത്തിലധികം രൂപയാണ് കുടിശ്ശിക നല്‍കാനുള്ളത്. സ്വദേശാഭിമാനി പാര്‍ക്കിലെ കണക്ഷന്‍ വിച്ഛേദിച്ചതോടെ പാര്‍ക്ക് നവീകരണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച പുല്‍ച്ചെടികളും നാശത്തിന്റെ വക്കിലാണ്.
നെയ്യാറ്റിന്‍കരയിലെ മുഴുവന്‍ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകളും പൂട്ടു വീണതോടെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ദൂരയാത്ര കഴിഞ്ഞെത്തുന്ന യാത്രക്കാരും ദുരിതത്തിലായി. കംഫര്‍ട്ട് സ്റ്റേഷനുകള്‍ക്ക് പിന്നാലെ അങ്കണവാടി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെയും കുടിശ്ശിക വര്‍ധിച്ചുവരികയാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ കുരുന്നുകള്‍ പഠിക്കുന്ന അങ്കണവാടിയിലെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കേണ്ടി വരുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്.
നഗരസഭ പൂട്ടിയ നെയ്യാറ്റിന്‍കര ജംഗ്ഷനിലെ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്‍
















