പാലാ: സ്വതന്ത്രമായ ചിന്തയും വിമര്‍ശനവും നടത്തുമ്പോഴും ജോസഫ് പുലിക്കുന്നേല്‍ വേദനിക്കുന്നവരെ മറന്നില്ല. സൗജന്യമായി മരുന്നും ചികിത്സയും നല്‍കി അദ്ദേഹം സാന്ത്വനമേകി. 1975-ല്‍ ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ സ്ഥാപിച്ചാണ് പുലിക്കുന്നേല്‍ സാന്ത്വന പരിചരണ രംഗത്തേക്ക് കടന്ന് വന്നത്. നിര്‍ദ്ധനരായ കാന്‍സര്‍, പ്രമേഹ രോഗികള്‍ക്ക് എന്നും ആശ്രയ കേന്ദ്രമായിരുന്നു ഓശാന.
പ്രകൃതി രമണീയമായ ഇടമറ്റത്തെ ഓശാന മൗണ്ടിലാണ് സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 1982-ല്‍ ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിനടുത്ത് കുടയം പടിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മരണാസന്നരായ കാന്‍സര്‍ രോഗികള്‍ക്ക് ഒരു സൗജന്യ സാന്ത്വന ശുശ്രൂഷ കേന്ദ്രം ആരംഭിച്ചു. കേരളത്തിലെ ആദ്യത്തെ കാന്‍സര്‍ സാന്ത്വന കേന്ദ്രമായ ഇത് പിന്നീട് 1991-ല്‍ ഇടമറ്റം ഓശാന മൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു. 2500 റോളം രോഗികള്‍ ഇവിടെ സാന്ത്വന പരിചരണം ഏറ്റുവാങ്ങി.
കൂടാതെ അമ്മഞ്ചേരിയില്‍ പ്രമേഹ രോഗബാധിതരായ ബാലികമാര്‍ക്കായി ആശ്രയ സ്ഥാപനം തുടങ്ങി. 1990-ല്‍ ഇതും ഓശാന മൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നേഴ്‌സറി സ്‌കൂളുകളുടെയും കുടുംബങ്ങള്‍ക്കായി ആരോഗ്യ കേന്ദ്രവും തുടങ്ങി. എറണാകുളം മുളന്തുരുത്തിയില്‍ അശരണരായ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ആശ്രയ ഭവനവും സ്‌കൂളും 2005-ല്‍ സ്ഥാപിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായവും നല്‍കിയിരുന്നു.
1990-ല്‍ ഓശാന മൗണ്ടില്‍ വേര്‍ഡ് ആന്‍ഡ് ഡീഡ് ആശുപത്രി സ്ഥാപിച്ചു. 1994-ല്‍ ബൃഹത്തായ ലൈബ്രറിയോടും താമസ സൗകര്യങ്ങളോടും കൂടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ് തുടങ്ങി.
















