ലഖ്‌നൗ: ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പശുക്കളുടെയും മറ്റ് കന്നുകാലികളുടെയും സെന്‍സസ് എടുക്കുന്നു. ഇതിനായി 7.86 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
ഇതോടൊപ്പം എരുമകള്‍, പന്നികള്‍, ആടുകള്‍ എന്നിവയെക്കുറിച്ചും സെന്‍സസ് എടുക്കുന്നുണ്ട്. 2012ല്‍ പശുക്കള്‍ 205.66 ലക്ഷവും എരുമകള്‍ 306.25 ലക്ഷവും ആടുകള്‍ 155.86 ലക്ഷവും പന്നികള്‍ 13.34 ലക്ഷവുമായിരുന്നു. സംസ്ഥാനത്തെ കന്നുകാലി സമ്പത്ത് എത്രയെന്ന് കൃത്യമായി കണ്ടെത്തുന്നതിനാണ് സെന്‍സസെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് കന്നുകാലിമേളകള്‍ സംഘടിപ്പിക്കുകയും വൈദ്യപരിശോധനയും ഇന്‍ഷുറന്‍സും നല്‍കും.
ദിവ്യാംഗര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ 300ല്‍ നിന്നും 600ആയി വര്‍ദ്ധിപ്പിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ ഗാര്‍മെന്റ്‌സ് നയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. നാളെ ബാലഗംഗാധര തിലകന്റെ 101-ാം ജന്മവാര്‍ഷികം ആഘോഷിക്കും. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യാതിഥിയായിരിക്കും.
















