തിരുവനന്തപുരം: മോഷണശ്രമത്തിനിടെ പോലീസിനെ കത്തികൊണ്ട് ആക്രമിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ രണ്ടുപേരെ സിറ്റി ഷാഡോ പോലീസ് പിടികൂടി. ബീമാപള്ളി പത്തേക്കര്‍ ബദരിയ നഗറില്‍ വാടകയ്‌ക്ക് താമസിക്കുന്ന ജലാല്‍ ഹുസൈന്‍ (50), മലയിന്‍കീഴ് മേപ്പൂക്കട സ്വദേശി പ്രശാന്ത് എന്ന ഷാജ് കുമാര്‍ (53) എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നാണ് ഇരുവരും മോഷണം നടത്തിയിരുന്നത്. ക്രിസ്തുമസ് തലേന്ന് രാത്രി ശാസ്തമംഗലം ടെമ്പിള്‍ റോഡ് റെസിഡന്‍സ്, പനക്കല്‍ വീട്ടിലാണ് ഇവര്‍ മോഷണം നടത്തിയത്. വീട്ടുകാര്‍ വീടുപൂട്ടി ചെന്നൈയില്‍ പോയിരുന്ന സമയത്താണ് ഇരുവരും മോഷണത്തിനായി എത്തിയത്. തൊട്ടടുത്ത വീട്ടുകാര്‍ വിവരം അറിയിച്ചയുടന്‍ സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ജലാല്‍ കത്തി ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് മോഷണമുതലുകളുമായി കടന്നു കളയുകയായിരുന്നു. ഷാജു കൈയോടെ പിടിക്കപ്പെട്ടുവെങ്കിലും കൂടെയുണ്ടായിരുന്ന ആളെക്കുറിച്ച് വ്യക്തമായ വിവരം നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. കൊല്ലം റെയില്‍വേ പോലീസ് സ്റ്റേഷനില്‍ അഞ്ചും തിരുവനന്തപുരം റെയില്‍വേ പോലീസ് സ്റ്റേഷനില്‍ ഒരു കേസും ഇയാള്‍ക്കുണ്ട്. ഈ കേസുകളില്‍ കാപ്പ നിയമപ്രകാരം ആറ് മാസത്തോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവരില്‍ ഷാജ് കുമാറിന് അബ്കാരി കേസുകളും വ്യാജരേഖ ചമച്ചതിന് ഫോര്‍ട്ട്, കുന്നംകുളം, തൃപ്പൂണിത്തുറ, പട്ടാമ്പി സ്റ്റേഷനുകളില്‍ കേസ്സുകളും നിലവിലുണ്ട്.
















