തിരുവനന്തപുരം: മൂത്രാശയകല്ലിന് ശസ്ത്രക്രിയ നടത്തിയെന്ന് അവകാശപ്പെട്ട് 60,000 രൂപയോളം ഈടാക്കിയ തലസ്ഥാനത്തെ സ്വകാര്യാശുപത്രിക്കും യൂറോളജിസ്റ്റിനുമെതിരെ അനേ്വഷണത്തിന് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവ്. ജില്ലാ പോലീസ് മേധാവി ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദേ്യാഗസ്ഥനെ നിയോഗിച്ച് സ്വകാര്യആശുപത്രിക്കും യൂറോളജിസ്റ്റിനുമെതിരെ അനേ്വഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസിന്റെ ഉത്തരവ്. ഒരു മാസത്തിനകം അനേ്വഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഉദേ്യാഗസ്ഥന്‍ സത്യസന്ധവും സൂതാര്യവുമായി അനേ്വഷിക്കണം. കേസ് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. വാട്ട്‌സ്ആപ്പ് സന്ദേശമായി മനുഷ്യാവകാശ കമ്മീഷന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ നടപടികളിലേക്ക് പ്രവേശിച്ചത്. ഗള്‍ഫില്‍ ജോലി ചെയ്യു യുവാവാണ് മൂത്രാശയകല്ലിനെ തുടര്‍ന്ന് അസഹനീയവേദനയുമായി തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലെത്തിയത്. പരിശോധിച്ച ഡോക്ടര്‍ സര്‍ജറിക്ക് നിര്‍ദ്ദേശിച്ചതായി പരാതിക്കാരന്‍ പറഞ്ഞു. ശസ്ത്രക്രിയയ്‌ക്ക് ശേഷം പിറ്റേന്ന് വിട്ടയച്ചു. കല്ല് നീക്കംചെയ്തശേഷം സ്റ്റെന്റ് ഘടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ വേദനയ്‌ക്ക് ശമനമുണ്ടാകാത്തതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പരിശോധിച്ചു. ശസ്ത്രക്രിയയില്‍ കല്ല് നീക്കം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഒരു ലക്ഷത്തോളം രൂപ ചെലവായതായി പരാതിക്കാരന്‍ പറയുന്നു.
ആശുപത്രിയുടെ പേര് അന്തിമ ഉത്തരവുവരെ രഹസ്യമായി സൂക്ഷിക്കണമെന്നും കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
















