ചങ്ങനാശ്ശേരി: മില്ലുടമകള്‍ക്കും അരി വ്യാപാരികള്‍ക്കും വേണ്ടി നെല്ലുസംഭരണം അട്ടിമറിക്കുകയും മാസങ്ങള്‍ക്കുമുമ്പ് സംഭരിച്ച നെല്ലിന്റെ പണം ഇതുവരെയും നല്‍കാതെ കര്‍ഷകരെ ദ്രോഹിച്ചിട്ട് വീണ്ടും കൃഷിവകുപ്പ് വിത്തെറിഞ്ഞ് കര്‍ഷകരെ അപമാനിക്കുകയാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു. ഇന്‍ഫാമിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ നെല്‍കര്‍ഷക സംഘടനാ പ്രതിനിധികളുടെ നേതൃസമ്മേളനം ചങ്ങനാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടില്‍മാത്രം രണ്ടാംകൃഷിയുടെ നെല്ല് സംഭരിച്ചവകയില്‍ 58 കോടിരൂപ കര്‍ഷകന് ഇതുവരെയും ലഭിച്ചിട്ടില്ല. സംഭരിച്ച് പത്തുദിവസത്തിനകം സംഭരണത്തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ വരുമെന്ന് പ്രഖ്യാപിച്ച കൃഷിമന്ത്രി ഇപ്പോള്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടുന്നത് ലജ്ജാകരമാണ്. മെത്രാന്‍കായലില്‍ വിത്തെറിഞ്ഞതുകൊണ്ട് നേട്ടമുണ്ടാക്കിയത് കര്‍ഷകരല്ല. മറിച്ച് ഭൂമാഫിയകളും രാഷ്‌ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥരുമാണ്. മെത്രാന്‍കായലിലെ പാട്ടകൃഷിയില്‍ വിവിധ വകുപ്പുകളിലൂടെ ഖജനാവില്‍നിന്ന് ചെലവഴിച്ചിരിക്കുന്ന പണത്തിന്റെ കണക്ക് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകരക്ഷയുടെ മറവില്‍ കൃഷിവകുപ്പ് മെത്രാന്‍കായലില്‍ നടത്തിയ കാര്‍ഷികവിപ്ലവത്തിന്റെ പേരില്‍ ബണ്ടുനിര്‍മ്മിച്ചും കൃഷിക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കിയും കോടികളുടെ അഴിമതി നടത്തിയിരിക്കുന്നുവെന്ന ആരോപണങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും വി.സി. സെബാസ്റ്റന്‍ ആവശ്യപ്പെട്ടു. നേതൃസമ്മേളനത്തില്‍ ഇന്‍ഫാം കോര്‍ഡിനേറ്റര്‍ ജോസുകുട്ടി കുട്ടംപേരൂര്‍ അദ്ധ്യക്ഷനായി. വിവിധ നെല്‍കര്‍ഷക സംഘടനാപ്രതിനിധികള്‍ സംസാരിച്ചു.
















