പുത്തൂര്‍: ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹിനെതിരെ അക്രമണത്തിന് ആസൂത്രിത നീക്കം. കൊല്ലം ഗ്രാമജില്ലാ സഹകാര്യവാഹ് ആര്‍. ബാബുക്കുട്ടന് നേരെയാണ് ക്രിസ്തുമസ് തലേന്ന് രാത്രി അക്രമണത്തിന് നീക്കമുണ്ടായത്. കുപ്രസിദ്ധ ഗുണ്ടയും സിപിഎം ക്രിമിനലുമായ വേടന്‍ സുരേഷെന്ന സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രിയില്‍ ആയുധങ്ങളുമായെത്തിയത്. അക്രമിസംഘത്തിന്റെ നീക്കം മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് ബാബുക്കുട്ടന്‍ രക്ഷപെടുകയായിരുന്നു.
രാത്രി 9 മണിയോടെ കൈതക്കോട് ജങ്ഷനിലെ സ്വന്തം സ്ഥാപനത്തിനുമുന്നില്‍ നില്‍ക്കുമ്പോഴാണ് അക്രമിസംഘം കാറിലെത്തിയത്. അപകടം മണത്ത ബാബുക്കുട്ടന്‍ പോലീസിനെ ഫോണില്‍ വിവരം അറിയിച്ചു. സുരേഷും കൂട്ടാളികളും പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും ബാബുക്കുട്ടന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അതേ സമയം അക്രമിസംഘം പിന്മാറിയതിനുശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്.
പ്രദേശത്ത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ബാബുക്കുട്ടനെതിരായ ആസൂത്രിത നീക്കമായാണ് സംഭവത്തെ വിലയിരുത്തുന്നത്. പോലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമികള്‍ സ്ഥലത്ത് എത്തിയതെന്ന സംശയവും ഉയരുന്നു.
കൈതക്കോടിന് സമീപമുള്ള കല്ലുംമൂട്ടില്‍ രണ്ട് വര്‍ഷം മുമ്പ് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊല്ലാക്കൊല ചെയ്ത കേസിലെ മുഖ്യപ്രതിയാണ് സിപിഎം സംരക്ഷണത്തില്‍ കഴിയുന്ന സുരേഷ്. അപകടകാരിയായ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. എന്നാല്‍ പലതവണ പരാതികള്‍ ഉയര്‍ന്നിട്ടും പോലീസ് ഇയാളോട് മൃദുഭാവത്തിലാണ് പെരുമാറുന്നതെന്ന് ആരോപണമുണ്ട്.
സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ആര്‍എസ്എസ് ബിജെപി നേതാക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. പ്രദേശത്ത് അശാന്തി സൃഷ്ടിക്കാനുള്ള നീക്കമാണിതെന്നും ഒരു മുതിര്‍ന്ന ആര്‍എസ്എസ് കാര്യകര്‍ത്താവിനുനേരെ നടക്കുന്ന നീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
















