തിരുവനന്തപുരം: ശിവഗിരി തീര്‍ഥാടനത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്ക് ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്യാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. പ്ലാസ്റ്റിക് മാലിന്യം തീര്‍ഥാടനകേന്ദ്രത്തിലും പരിസരത്തും കുന്നുകൂടുന്ന സാഹചര്യം ഒഴിവാക്കണം. തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ളം സുലഭമായി ലഭ്യമാക്കണം. ശിവഗിരി മഠത്തിന്റെ സഹകരണത്തോടെ ഇത് നടപ്പാക്കണം. വഴിയോര കച്ചവടക്കാരെയും ഹോട്ടലുകളെയും നിയന്ത്രിക്കാനും ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കാനും ഭക്ഷ്യസുരക്ഷാസ്‌ക്വാഡ് കര്‍ശന പരിശോധന നടത്തും. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നും യോഗം തീരുമാനിച്ചു.
ശിവഗിരിയിലേക്കുള്ള പ്രധാന റോഡുകളുടെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തിയായി. കെഎസ്ആര്‍ടിസി നൂറോളം അധികസര്‍വീസ് നടത്തും. ശിവഗിരി വഴിയുള്ള ദീര്‍ഘദൂര സര്‍വീസുകളും വര്‍ധിപ്പിക്കും. കൂടുതല്‍ പോലീസിനെ നിയോഗിച്ചും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചും സുരക്ഷ ശക്തമാക്കും. എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്ന് പരിശോധന ശക്തമാക്കും. തീര്‍ഥാടന ദിവസങ്ങളില്‍ 24 മണിക്കൂറും വിവിധ ഡോക്ടര്‍മാരുടെ സേവനം ശിവഗിരിയില്‍ ഉറപ്പു വരുത്തും. എസ്എന്‍ കോളേജ് മൈതാനത്തില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. ഈ മാസം 30 മുതല്‍ അടുത്തമാസം ഒന്നു വരെയാണ് തീര്‍ഥാടനം.
















