തിരുവനന്തപുരം: ആരോരുമില്ലാത്തവരുടെ അഭയകേന്ദ്രമായ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ ശാന്തിസമിതിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് സ്‌നേഹസംഗമം സംഘടിപ്പിച്ചു. മതമൈത്രിയുടെയും മാനവസാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി പാളയം ഇമാം വി.പി. ഷുഹൈബ് മൗലവിയും സ്വാമി അശ്വതി തിരുനാളും ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡിലെ അന്തേവാസികളായ അന്ധഗായകസംഘം അകമ്പടിയായി ‘ജിംഗില്‍ ബെല്‍, ജിംഗില്‍ ബെല്‍ ഗാനം ആലപിച്ചു.
പാളയം ഇമാമും സ്വാമിയും ചേര്‍ന്ന് കാട്ടാക്കട സ്വദേശിയും അന്തേവാസിയുമായ സോമന് ക്രിസ്മസ് കേക്ക് നല്‍കി. പഴയ ഒരു ക്രിസ്മസ് സിനിമാഗാനം സുന്ദരമായി ആലപിച്ചു കൊണ്ട് സ്വന്തക്കാരും കിടപ്പാടവും ഇല്ലാത്ത സോമന്‍ ക്രിസ്മസ് സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍ ജെ.എം. റഹിം അധ്യക്ഷത വഹിച്ചു. ശാന്തി സമിതി കണ്‍വീനര്‍ ആര്‍. നാരായണന്‍ തമ്പി, നഴ്സിംഗ് ഓഫീസര്‍ സിസ്റ്റര്‍ ശോശാമ്മ, പ്രൊഫ. ജോണ്‍ കുര്യന്‍, ജോസി ജോസഫ്, എന്‍.പി. നിഷാദ് എന്നിവര്‍ സംസാരിച്ചു. നഴ്സിംഗ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ക്രിസ്മസ് കേക്കും മിഠായിയും എല്ലാ അന്തേവാസികള്‍ക്കും ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കും വിതരണം ചെയ്തു.
















