പാസദേന: ബഹിരാകാശത്ത് ആദ്യമായി പറന്നു നടന്ന ശൂന്യാകാശ സഞ്ചാരി ബ്രൂസ് മക്കാന്‍ഡ്‌ലസ് ( 80) വിടവാങ്ങി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലായിരുന്നു അന്ത്യം. മാതൃപേടകവുമായി വയറോ മറ്റെന്തെങ്കിലും ചരടോ ഉപയോഗിച്ച് ബന്ധിപ്പിക്കാതെ ആദ്യമായി ശൂന്യാകാശത്ത് നടന്ന് ചരിത്രം കുറിച്ച മക്കാന്‍ഡ്‌ലസ് ബഹിരാകാശ ഗവേഷണ രംഗത്തെ അത്ഭുതമായിരുന്നു.
1937 ല്‍ മസാച്ചുസെറ്റ്‌സിലെ ബോസ്റ്റണില്‍ ജനിച്ച അദ്ദേഹം അമേരിക്കയിലെ നാവിക സേനാ ഓഫീസറായിരുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്നു, നാസയുടെ ബഹിരാകാശ സഞ്ചാരിയായിരുന്നു. 28ാമത്തെ വയസില്‍( 1966) നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ ഗ്രൂപ്പില്‍ അംഗമായി. നിരവധി ശൂന്യാകാശ പര്യവേക്ഷണങ്ങളില്‍ പങ്കെടുത്തു.
ശൂന്യാകാശ പരീക്ഷണശാലയായിരുന്ന സ്‌കൈലാബില്‍ പൈലറ്റായിരുന്നു.ശൂന്യാകാശത്ത് 312 മണിക്കൂര്‍ താമസിച്ചിട്ടുണ്ട്.
ചലഞ്ചര്‍ സ്‌പേസ് ഷട്ടിലില്‍ ബഹിരാകാശത്ത് പോയ സമയത്താണ് മാന്‍ഡ് മനൂവറിങ്ങ് യൂണിറ്റില്‍ ആദ്യമായി സഞ്ചരിച്ചത്. പേടകത്തിനു പുറത്ത് ബഹിരാകാശ സഞ്ചാരിയെ ഇരുത്തി കുറച്ചു ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുന്ന സ്വയം നിയന്ത്രിത ഉപകരണമാണ് ഇത്. ഇതിലിരുന്ന് പുറത്തിറങ്ങിയാണ് പേടകത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതും മറ്റും. ആദ്യമായി ഇൗ ഉപകരണത്തില്‍ ബഹിരാകാശത്ത് പറന്ന് ചരിത്രം കുറിച്ചയാളാണ് ബ്രൂസ് മക്കാന്‍ഡ്‌ലസ്. സ്‌പേസ് ഷട്ടിലില്‍ നിന്ന് 300 അടി അകലെ വെര അദ്ദേഹം സഞ്ചരിച്ചു.1984ലായിരുന്നു ഇത്. ഇതിന്റെ ചിത്രം സഹയാത്രികര്‍ എടുത്തിരുന്നു. ഹബിള്‍ ദൂരദര്‍ശിനി ബഹിരാകാശത്ത് എത്തിച്ച സ്‌പേസ് ഷട്ടില്‍ ടീമിലും അദ്ദേഹം അംഗമായിരുന്നു.
















