കുന്നത്തൂര്‍: മകരക്കൊയ്‌ത്തിന് പാകമായി നൂറുമേനി വിളവുമായി പോരുവഴി മലനട വെണ്‍കുളം ഏല.
പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ വിലയ്‌ക്കു വാങ്ങിയ 25 ഏക്കറില്‍ 15 ഏക്കറിലാണ് കൃഷി നടത്തിയത്. തരിശ് കിടന്ന ഏലായില്‍ ക്ഷേത്രഭരണസമിതി നടത്തിയ നെല്‍കൃഷി പൂര്‍ണ വിജയത്തിലേക്ക് എത്തിയിരിക്കയാണ്.
ജൈവകൃഷിയിലൂടെ ചുവന്ന ത്രിവേണി ഇനത്തിലുള്ള വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. ഇത്തരത്തില്‍ കഴിഞ്ഞ തവണയും മികച്ച വിളവായിരുന്നു ലഭിച്ചിരുന്നത്. മലയാളമാസവും ഒന്നാം തീയതി ക്ഷേത്രത്തില്‍ നടക്കുന്ന കഞ്ഞിസദ്യയ്‌ക്കും മറ്റാവശ്യങ്ങള്‍ക്കും വെണ്‍കുളം ഏലായിലെ നെല്ലാണ് ഉപയോഗിച്ചു വരുന്നത്.
മകരകൊയ്‌ത്തിനുശേഷം മീനമാസത്തില്‍ നടക്കുന്ന പ്രസിദ്ധമായ മലക്കുട കെട്ടുകാഴ്ചയ്‌ക്ക് കെട്ടുരുപ്പടികള്‍ അണിനിരക്കുന്നത് ഈ ഏലായിലാണ്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഏലായില്‍ ഉമകള്‍ നികത്താന്‍ തുടങ്ങിയതോടെ കെട്ടുകാഴ്ചയ്‌ക്ക് തടസ്സം നേരിടുമെന്ന അവസ്ഥയില്‍ മലനട ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തില്‍ 25 ഏക്കര്‍ വിലയ്‌ക്ക് വാങ്ങുകയായിരുന്നു. ആദ്യഘട്ടത്തില്‍ വാങ്ങിയ 15 ഏക്കറിലായിരുന്നു നെല്‍കൃഷി.
















