ചിറയിന്‍കീഴ്: നോബിള്‍ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സിന്റെ കീഴിലുള്ള ശാര്‍ക്കര ചിത്തിരവിലാസം ബോയ്‌സ് ഹൈസ്‌കൂള്‍, ശാരദവിലാസം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചിത്തിരവിലാസം എല്‍പി സ്‌കൂള്‍ എന്നീ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ ദുഷ്പ്രചാരണങ്ങള്‍ നടത്തിയെന്ന പരാതിയില്‍ ചിറയിന്‍കീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നൂറുവര്‍ഷത്തിലധികം പഴക്കമുള്ള വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും വീഡിയോ ചിത്രങ്ങളടക്കമാണ് സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രചരിപ്പിച്ചത്. വീഡിയോ ക്ലിപ്പിങ് അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. വാര്‍ത്ത എത്തിയതോടെ രക്ഷിതാക്കളടക്കം സ്‌കൂളിലേക്ക് അന്വേഷണവുമായി എത്തിതാടെയാണ് സംഭവം വിവാദമായത്.
പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. വ്യാജവാര്‍ത്തയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തിയതോടെ പിന്നില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സംഘം ഫെയ്‌സ്ബുക്ക്, വാട്‌സ്അപ്പ് എന്നിവയില്‍നിന്ന് അക്കൗണ്ടുകള്‍ പിന്‍വലിച്ചതായി സ്‌കൂള്‍ മാനേജര്‍ പി. സുഭാഷ്ചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സൈബര്‍ക്രൈം മേധാവിക്കും ആറ്റിങ്ങല്‍ എഎസ്പിക്കും പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന് നേതൃത്വം നല്‍കിയ ചിറയിന്‍കീഴ് കടകം സ്വദേശി ജി.കെ. ജയപാലനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പോലീസ് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.
















