വര്‍ഷങ്ങള്‍കൊണ്ടാണ് പഴമ ആകുന്നതെന്നത് ചിലപ്പോഴെങ്കിലും തെറ്റുന്നത് പുസ്തകങ്ങളുടെ കാര്യത്തില്‍ ആണെന്നുതോന്നുന്നു.പതിറ്റാണ്ടുകള്കൊണ്ടുപോലും പഴക്കമാകാത്തതാണ് പുസ്തകത്തിലെ ഉള്ളടക്കം എന്നതുതന്നെയാണ് ഇതിനുകാരണം. നിമിഷംതോറും മാറിമറിയുന്ന ഇക്കാലത്തും മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ട് അരനൂറ്റാണ്ടുപോലുമെത്തിയ പുസ്തകങ്ങള്‍ക്കുള്ളിലെ ലോകം.അത് അവ രചിച്ചകാലത്തെ പുതുമയാകാം. എന്നാല്‍ അതു തുടര്‍ന്നുപോകുന്ന പുതുമയുമാണ്.
കൂടുതല്‍ വിറ്റുപോകുന്ന പുസ്തകങ്ങളില്‍ അധികവും നോവലുകളാണ്. എസ്.കെ.പൊറ്റക്കാട്, എം.ടി,ഒ.വി.വിജയന്,മുകുന്ദന്,സേതു,ആനന്ദ് എന്നീ എഴുത്തുകാരുടെ നോവലുകളാണ് ഇന്നും കൂടുതല്‍ വിറ്റുപോകുന്നത്. ഇവയില്‍ ഏറേയും പതിറ്റാണ്ടുകള്ക്കുമുന്പ് പ്രസിദ്ധീകരിക്കപ്പെട്ടതാണ്.എം.ടിയുടെ നോവല്‍ നാലുകെട്ട് 1958 ലാണ് വെളിച്ചംകാണുന്നത്. അതുപോലെ അസുരവിത്തിനും കാലത്തിനും പതിറ്റാണ്ടുകളുടെ പ്രായമുണ്ട്. എം.ടിയുടേതായി കൂടുതല്വായനയുള്ള രണ്ടാമൂഴം ഇറങ്ങിയിട്ടു തന്നെ33 വര്‍ഷങ്ങളായി. എസ്.കെയുടെ ഒരു തെരുവിന്റെ കഥയ്ക്കും ഒരു ദേശത്തിന്റെ കഥയ്ക്കും ഇപ്പോഴും നല്ല വായനക്കാരുണ്ട്. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും ഗുരുസാഗരവും വിറ്റുപോകുന്നതില്‍ മുന്‍നിരയില്‍ തന്നെയാണ്. സേതുവിന്റെ പാണ്ഡവപുരവും മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ആനന്ദിന്റെ ആള്‍ക്കൂട്ടവും ഇന്നും വായനക്കാരെ ആകര്‍ഷിക്കുകയാണ്.
വായനക്കാരെ ആസ്വാദനത്തിന്റെ തടവിലാക്കുന്ന പ്രമേയമാണ് ഈ നോവലുകളുടേത്. നാടിന്റേയും സമൂഹത്തിന്റേയും വ്യക്തിയുടേയും ചരിത്രം തന്നെയാണ് ഏതുപേരിലായാലും ഈ നോവലുകള്‍ ആവിഷ്ക്കരിക്കുന്നത്.ആഖ്യാനഘടനയിലും ഭാഷയിലും വ്യത്യസ്തത പുലര്‍ത്തുന്നുവെങ്കിലും ഇവ വായനക്കാരിലെ അവനവനെയാണ് ചൂണ്ടിക്കാട്ടുന്നത്.
പഴയ നോവലുകളെപ്പോലെ പുതുനോവലുകളില് പലതും വില്‍പ്പനയില്‍ മുന്നിലാണ്.നോവലിന്റെ വലിപ്പമോ അതുവായിച്ചു തീരാനുള്ള സമയമോ വായനക്കാരെ ഒട്ടും അലോസരപ്പെടുത്തുന്നില്ല.
ഈ ആസ്വാദന ആരോഗ്യം കണ്ടുകൊണ്ടു തന്നെയാണ് കഥകളും കവിതകളും മാത്രം എഴുതിയിരുന്നവരുപോലും നോവലിലേക്കു തിരിഞ്ഞത്.കെ.ആര്.മീരയും സുഭാഷ് ചന്ദ്രനും വേണു വി.ദേശവും ഇങ്ങനെ വഴിമാറി സഞ്ചരിച്ചവരാണ്.മീരയുടെ ആരാച്ചാറും സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖവും വേണുവിന്റെ റഷ്യന്‍ ക്രിസ്തുവും വായനയില്‍ മുന്‍പന്തിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: