കരുനാഗപ്പള്ളി: ഒരു കാലഘട്ടത്തില്‍ ജീവിതത്തിന്റെ ഭാഗമായിരുന്ന കഥകളി ഭാരതീയവും, കേരളീയവുമായ എല്ലാ സംസ്‌കൃതിയേയും ഒരുമിപ്പിച്ചിരുന്നതായി നടന്‍ നെടുമുടി വേണു പറഞ്ഞു. കരുനാഗപ്പള്ളിയില്‍ ആരംഭിച്ച വ്യാസാ കഥകളി ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍പ് പ്രശസ്തരായ പല കഥകളി ആശാന്മാരും നിത്യവൃത്തിക്ക് ഏറെ പ്രയാസപ്പെട്ടിരുന്നു. ടെലിവിഷനും,സീരിയലുകളും നാടകങ്ങള്‍ ഉള്‍പ്പെടെ ഉള്ള കലകളെ ബാധിച്ചു. ഇന്ന് അതിനു മാറ്റം സംഭവിച്ചിട്ടുണ്ട്. നിരവധി ചെറുപ്പക്കാര്‍ കഥകളിയില്‍ ആകൃഷ്ടരാകുന്നുണ്ട്. കഥകളി ഉള്‍പ്പെടെയുള്ള കലകളെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ പല പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ടെന്നും നെടുമുടി വേണു പറഞ്ഞു.
ഡോ.റ്റി.ആര്‍.ശങ്കരപ്പിള്ള അദ്ധ്യക്ഷനായി. ആര്‍.രാമചന്ദ്രന്‍ എംഎല്‍എ കലാകാരന്മാരേയും, പ്രമുഖ വ്യക്തികളേയും ആദരിച്ചു. എസ്.ശ്രീനിവാസന്‍, ഡോ. ശ്രീ കുമാര്‍, ശാലിനി രാജീവ്, വി.രാജശേഖരന്‍ ഉണ്ണിത്താന്‍, ആര്‍.ഉണ്ണികൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
















