കൊച്ചി: സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച സംസ്ഥാനത്ത് വെളിച്ചമില്ലാത്തതിന്റെ പേരില്‍ സബ്‌സിഡി മണ്ണെണ്ണ തട്ടുന്നവര്‍ ലക്ഷങ്ങള്‍. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണക്ക് പ്രകാരം 2.77 ലക്ഷം കുടുംബങ്ങളാണ് വൈദ്യുതി ഇല്ലാത്തതിന്റെ പേരില്‍ മണ്ണെണ്ണ വിഹിതം വാങ്ങുന്നത്.
2017 മെയ് മാസത്തില്‍ കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിച്ചതോടെ വൈദ്യുതി ഇല്ലാത്ത വീടുകളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, വൈദ്യുതി ലഭിച്ചത് മറച്ചുവെച്ച് സബ്‌സിഡി മണ്ണെണ്ണ തട്ടിയെടുക്കുകയാണ് ഭൂരിഭാഗവും. ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നീക്കം.
വൈദ്യുതിയില്ലാത്ത വീട്ടുകാര്‍ക്ക് നാല് ലിറ്റര്‍വീതവും വൈദ്യുതിയുള്ളവര്‍ക്ക് അരലിറ്റര്‍ വീതവുമാണ് പ്രതിമാസവിഹിതം. പാചകം ചെയ്യാനും വിളക്ക് കത്തിക്കാനും എന്ന നിലയിലാണ് നേരത്തെ ഇത് അനുവദിച്ചിരുന്നത്. എന്നാല്‍, ഭൂരിഭാഗം വീടുകളിലും വൈദ്യുതി എത്തുകയും എല്‍പിജി കണക്ഷന്‍ നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ സബ്‌സിഡി മണ്ണെണ്ണ പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, മണ്ണെണ്ണ വിഹിതത്തിനായി സംസ്ഥാനം വാശിപിടിക്കുകയായിരുന്നു. വിഹിതം അര്‍ഹരായവര്‍ക്കാണ് നല്‍കുന്നുന്നതെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ല.
റേഷന്‍ മുന്‍ഗണനാ പട്ടികയിലും മണ്ണെണ്ണ വാങ്ങുന്നവരുടെ എണ്ണം പഴയ കണക്കാണ്. ഈ സാഹചര്യത്തിലാണ് സിവില്‍ സപ്ലൈസ് വകുപ്പ് അനധികൃതമായ മണ്ണെണ്ണ വാങ്ങുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ റേഷന്‍ മണ്ണെണ്ണ വ്യാപകമായി കരിഞ്ചന്തയിലേക്ക് കടക്കുന്നുണ്ട്. റേഷന്‍ കടകളില്‍ ലിറ്ററിന് 10 രൂപയുള്ള മണ്ണെണ്ണയ്‌ക്ക് പുറം മാര്‍ക്കറ്റുകളില്‍ 75 രൂപവരെയാണ് വില.
















