കണ്ണൂര്‍: ഗവണ്‍മെന്റ് മിച്ചഭൂമിയാണെന്ന് പ്രഖ്യാപിച്ച കല്യാട് വില്ലേജിലെ പാവപ്പെട്ടവരായ കൈവശക്കാര്‍ക്ക് 25 സെന്റിന് പട്ടയം നല്‍കണമെന്ന് സോഷ്യലിസ്റ്റ് ജനതാദള്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. മിച്ചഭൂമിയാണെന്നറിയാതെ സ്ഥലം വാങ്ങിയവരും കടമെടുത്ത് സ്ഥലവും വീടും വിലക്ക് വാങ്ങിയവരും ആയ നിരവധി പേര്‍ ഇത്തരത്തില്‍ കെണിയില്‍ അകപ്പെട്ടിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. മുന്‍മന്ത്രി തോമസ് ചാണ്ടിക്കും പി.വി.അന്‍വര്‍ എംഎല്‍എക്കും ജോയ്‌സ് ജോര്‍ജ്ജ് എംപിക്കും സര്‍ക്കാര്‍ ഭൂമി കയ്യേറിയപ്പോള്‍ സംരക്ഷണം നല്‍കിയ സര്‍ക്കാര്‍ കല്യാട് മിച്ചഭൂമി നിവാസികള്‍ക്കെതിരെ നിയമം നടപ്പിലാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി. കളത്തിങ്കല്‍ ബി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ഡിഎ ജില്ലാ ജോയന്റ് കണ്‍വീനര്‍ എ.കെ.സതീഷ് ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇ.എ.ശ്യാം, വി.കല്യാണി, ബാലഗംഗാധരതിലകന്‍, ഉഷ മടപ്പുര, രവീന്ദ്രനാഥ് കടമ്പൂര്‍, ഉല്ലാസ് മുഴപ്പാല, പി.കെ.രൂപ, ദേവദാസ് നമ്പ്യാര്‍, സുശീല്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















