തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണസംവിധാനം തകര്‍ന്ന് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 43.5 ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസിന്റെ ഇടപെടലിനെ തുടര്‍ാണ് നടപടി. വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 21 നായിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാഥാണ് ന്യൂട്രൈലൈസേഷന്‍ പ്ലാന്റിലെ ബങ്കര്‍ തകര്‍ന്ന് മരിച്ചത്.
അച്ഛന്റെ മരണത്തോടെ അനാഥരായ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കും. ജോലി ലഭിക്കുന്നതുവരെ ഇരുവര്‍ക്കുമായി പ്രതിമാസം 30,000 രൂപ നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ദൈനംദിന ചെലവുകള്‍ക്കുമായാണ് തുക നല്‍കുന്നത്. കുടുംബത്തിന് 36 ലക്ഷത്തിന് പുറമെ കമ്പനി ഏഴരലക്ഷം രൂപ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച് നല്‍കിയതായും കമ്മീഷനെ അറിയിച്ചു.
ഹരീന്ദ്രനാഥിനൊപ്പം അപകടം പറ്റിയ സരോഷിന് ചികിത്സാ സഹായം നല്‍കുന്നത് സംബന്ധിച്ച് ടൈറ്റാനിയം എംഡിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശപ്രവര്‍ത്തകനായ പി.കെ. രാജുവാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. ആവശ്യമായ നടപടി യഥാസമയം സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
















