തിരുവനന്തപുരം: യുഡിഎഫിന്റെ പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം പടലപ്പിണക്കത്തിന്റെയും ഗ്രൂപ്പു പോരിന്റേയും വേദിയായി. ആര് വന്നില്ലെങ്കിലും ആര് പോയാലും യുഡിഎഫ് ശക്തമായിത്തന്നെ തുടരുമെന്ന്, ചിലര്‍ വിട്ടുനിന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവര്‍ത്തകര്‍ക്കിടയില്‍ എ-ഐ ഗ്രൂപ്പ് പോര് വ്യക്തമായി.
സ്വാഗത പ്രസംഗത്തിനിടെ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിക്ക് സ്വാഗതം പറയാതിരുന്നത് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ പേര് ഒരുവിഭാഗം ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നത് ചെന്നിത്തലയെയും അസ്വസ്ഥനാക്കി. നിയുക്ത എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം.
ഫാസിസത്തെ തോല്‍പ്പിക്കാന്‍ സിപിഎം കോണ്‍ഗ്രസിനോടൊപ്പം ഉണ്ടാകുമോ എന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് ആശയങ്ങളെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് സഖ്യം ശ്രമിക്കുന്നത്. അതിനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ ഒപ്പം നില്‍ക്കണം. ഇല്ലെങ്കില്‍ ബിജെപിയെ അനുകൂലിക്കുന്നു എന്ന് സിപിഎമ്മിന് സമ്മതിക്കേണ്ടിവരും. ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ബിജെപിക്കെതിരെയുള്ള നുണപ്രചാരണങ്ങളുമായാണ് രാഹുല്‍ കേരളത്തിലെത്തിയത്. പടയൊരുക്കം ജാഥ സംസ്ഥാന സര്‍ക്കാരിനെതിരെ കൂടി ആയിരുന്നെങ്കിലും സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ തലോടുന്ന സമീപനമാണ് രാഹുല്‍ സ്വീകരിച്ചത്.
കേന്ദ്രസര്‍ക്കാരിനെതിരെ കള്ളപ്രചാരണം നടത്തുകയും ചെയ്തു. ചൈനയില്‍ 24 മണിക്കൂറില്‍ 50,000 പുതിയ ജോലി സൃഷ്ടിക്കുമ്പോള്‍ ഇന്ത്യയില്‍ 450 പേര്‍ക്കാണ് ജോലി നല്‍കുന്നത്, ആഭ്യന്തര സാമ്പത്തിക വളര്‍ച്ച രണ്ട് ശതമാനം കുറഞ്ഞു തുടങ്ങിയ നുണകളാണ് പ്രസംഗത്തിലുടനീളം ഉണ്ടായത്.
ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ പെട്രോളും ഡീസലും ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു, 136 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തിലാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ നിന്നു മാറ്റിയതെന്നതുള്‍പ്പെടെയുള്ള അടിസ്ഥാനരഹിത ആരോപണങ്ങളും ഉന്നയിച്ചു.
















