കണ്ണൂര്‍: നഷ്ടപ്പെട്ടുവെന്ന്കരുതിയ സര്‍ട്ടിഫിക്കറ്റ് സജേഷ് ജയന് തിരിച്ചുകിട്ടി. ഗ്രേസ് മാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ സമര്‍പ്പിച്ച ബാസ്‌കറ്റ് ബോള്‍ താരമായ സജേഷ് കെ.ജയന്റെ ഡിഗ്രിസര്‍ട്ടിഫിക്കറ്റുകളായിരുന്നു കാണാതായത്.
സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതോടെ ഉപരിപഠനം വഴിമുട്ടിയ സജേഷ് ബസ് ക്ലീനറായി ജോലി ചെയ്തുവരികയായിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് സജേഷിന് സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കാന്‍ തുണയായത്.
2013-16 വര്‍ഷം ശ്രീകണ്ഠപുരം എസ്ഇഎസ് കോളജില്‍ ബിഎ എക്കണോമിക്‌സ് പൂര്‍ത്തിയാക്കിയിരുന്നു സജേഷ്. ഉടന്‍ അഞ്ച്, ആറ് സെമസ്റ്ററുകളില്‍ രണ്ടു ശതമാനം വീതം സ്‌പോര്‍ട്‌സ് വിഭാഗത്തിന്റെയും എന്‍എസ്എസിന്റെയും ഗ്രേസ് മാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും സര്‍വകലാശാലയില്‍ സമര്‍പ്പിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടെ അന്വേഷിച്ചപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് കാണാനില്ലെന്ന് അധികൃതര്‍ അറിയിച്ചത്.
സിന്‍ഡിക്കേറ്റ് ഭരണം മാറുന്നതിനു മുന്‍പ് സെക്ഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഗ്രേസ് മാര്‍ക്ക് കൂട്ടിച്ചേര്‍ത്തില്ലെന്നും സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് കാണാനില്ലെന്നുമായിരുന്നു മറുപടി.
















