കൊച്ചി : കൊല്ലം, ആലപ്പുഴ ബൈപ്പാസുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ദേശീയ പാത അഥോറിറ്റിയുടെയും വിശദീകരണം തേടി. ബൈപ്പാസുകളുടെ നിര്‍മ്മാണം തുടങ്ങിയിട്ട് 40 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ യാഥാര്‍ത്ഥ്യമായില്ല.
1972 ല്‍ കൊല്ലം ബൈപ്പാസിന്റെയും 1975 ല്‍ ആലപ്പുഴ ബൈപ്പാസിന്റെയും നിര്‍മ്മാണം തുടങ്ങി. കൊല്ലം ബൈപ്പാസിന്റെ നിര്‍മ്മാണം 69 ശതമാനവും ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണം 70 ശതമാനവും പൂര്‍ത്തിയായെന്ന് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം വിലയിരുത്തിയിരുന്നു. 2018 മേയില്‍ ഗതാഗതത്തിന് ഇരുപാതകളും തുറന്നു കൊടുക്കാന്‍ കഴിയുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ എം സാന്‍ഡിന്റെയും മെറ്റലിന്റെയും ക്ഷാമം നിമിത്തം പണി മുടങ്ങിയ നിലയിലാണെന്നും കോടതിയിടപെട്ടില്ലെങ്കില്‍ സമയബന്ധിതമായി പണി പൂര്‍ത്തിയാവില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. എറണാകുളം സ്വദേശി സി.ആര്‍. ശിവകുമാറാണ് ഹര്‍ജി നല്‍കിയത്.
















