തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ് രംഗത്ത്. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്ന് ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് ആരോപിച്ചു. സുനാമി പാക്കേജിലെ കോടികള്‍ കട്ടുകൊണ്ടുപോയി. അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ പേടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓഖി ദുരന്തത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. എത്രപേര്‍ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ.അഴിമതിക്കെതിരെ സംവാദത്തിനു പോലും കേരളത്തില്‍ ഭയമാണ്. അഴിമതി വിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് . 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശ്ശബ്ദനാക്കും. സുതാര്യതയെ കുറിച്ച് ഇന്ന് ആരും ഒന്നും പറയുന്നില്ല. അഴിമതിക്കാരെല്ലാം ഒന്നാണ്.
വിശ്വാസമുണ്ടെങ്കില്‍ ജനങ്ങളുടെ അടുത്തുപോയി ഭരണാധികാരികള്‍ക്ക് നില്‍ക്കാം. സുനാമി പാക്കേജിലെ 1400 കോടി രൂപ അടിച്ചുമാറ്റി. അത് ശരിയായ രീതിയില്‍ വിനിയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇപ്പോള്‍ കാണുന്ന കാഴ്ച ഉണ്ടാകുമായിരുന്നില്ല. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരുകയും കൈയേറ്റക്കാര്‍ വമ്പന്മാരായി മാറുകയും ചെയ്യും. ജേക്കബ് തോമസ് പറഞ്ഞു. ഭരണം നിലവാരമില്ലാതെ വരുമ്പോഴാണ് പ്രചാരണം വേണ്ടിവരുന്നത്.
















