തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകള്‍, സര്‍ക്കിള്‍ ഓഫീസുകള്‍, സബ് ഡിവിഷണല്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജാമ്യവ്യവസ്ഥ രജിസ്റ്റര്‍ സൂക്ഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. കുറ്റവാളികള്‍ ജാമ്യം ലഭിച്ച ശേഷം ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നതായി കാണുന്ന പശ്ചാത്തലത്തിലാണിത്.
ഹൈക്കോടതിയും കീഴ്‌ക്കോടതികളും ഇന്ത്യന്‍ തെളിവ് നിയമത്തിന്റെ 437-ാം വകുപ്പുപ്രകാരം കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിക്കുന്നത്. ജാമ്യം ലഭിക്കുന്ന വ്യക്തി കൃത്യമായ ഇടവേളകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകുക ജാമ്യവ്യവസ്ഥയുടെ ഭാഗമാണ്.
വിചാരണ സമയത്ത് ഇവര്‍ കോടതികളില്‍ ഹാജരാകാത്ത സംഭവങ്ങളും ഉണ്ട്്.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ വിവരം ഗവണ്‍മെന്റ് പ്ലീഡറോ പബ്‌ളിക് പ്രോസിക്യൂട്ടറോ മുഖേന അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ ധരിപ്പിച്ച് ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്ന പല കേസുകളിലും ഇത്തരത്തില്‍ നടപടി ഉണ്ടാകുന്നില്ല.
അതത് സ്റ്റേഷന്‍ റൈറ്റര്‍മാര്‍ക്കാണ് ജാമ്യവ്യവസ്ഥ രജിസ്റ്റര്‍ സൂക്ഷിക്കാന്‍ ചുമതല. ജാമ്യവ്യവസ്ഥ രജിസ്റ്റര്‍ എല്ലാ സ്റ്റേഷനുകളിലും കൃത്യമായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
















